
മലയിൻകീഴ്: കാറിലെത്തിയവർ ബൈക്കിൽ യാത്രചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം 4.30ഓടെ ചീനിവിള - പോങ്ങുംമൂട് റോഡിലാണ് സംഭവം. മാറനല്ലൂർ പോങ്ങുംമൂട് ക്രൈസ്റ്റ് നഗർ കോളേജിൽ ബി.ബി.എ മൂന്നാംവർഷ വിദ്യാർത്ഥിയായ പത്മജനെയാണ് (21) കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാറിലുണ്ടായിരുന്നവർ ആക്രമിച്ചത്. അച്ഛനും മകനും മകളുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. പുറകെ വന്ന മറ്റ് വിദ്യാർത്ഥികൾ പത്മജനെ മർദ്ദിക്കുന്നതുകണ്ട് കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റമായി. ഇതിനിടെ കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളുമെത്തി പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസ് കാർ ഓടിച്ചിരുന്നയാളെയും മകളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ മകൻ രക്ഷപ്പെട്ടു. സ്റ്റേഷനിൽ കോളേജ് അധികൃതരും മർദ്ദനമേറ്റ വിദ്യാർത്ഥിയുമായി എസ്.ഐ നൗഷാദിന്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. യാതൊരു പ്രകോപനവും ഇല്ലാതെ ബൈക്കിൽ പോവുകയായിരുന്ന തന്നെ അസഭ്യം പറയുകയും ചോദ്യം ചെയ്തപ്പോൾ കറിലുണ്ടായിരുന്നവവർ മർദ്ദിക്കുകയും ചെയ്തു എന്നാണ് വിദ്യാർത്ഥി പൊലീന് നൽകിയ മൊഴി.