
തിരുവനന്തപുരം: നേമത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിന്റെ പേരിൽ കെ.പി.സി.സി ജനറൽസെക്രട്ടറി സ്ഥാനം രാജിവച്ച് കലാപമുയർത്തിയ കെ.ടി.ഡി.സി മുൻ ചെയർമാൻ വിജയൻ തോമസ്, നേരമിരുട്ടി വെളുത്തതോടെ നിലപാട് മാറ്റി. കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മലക്കം മറിച്ചിൽ. പാർട്ടിയിൽ നിന്നുൾപ്പെടെ രാജി പ്രഖ്യാപിക്കാൻ ഇന്നലെ നിശ്ചയിച്ച വാർത്താസമ്മേളനം അവസാനനിമിഷം മാറ്റിവയ്‌ക്കുകയായിരുന്നു.
പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തതായും കോൺഗ്രസിന്റെ വിജയത്തിന് സംസ്ഥാനമാകെ യാത്ര ചെയ്യുമെന്നും വിജയൻ തോമസ് അറിയിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്നുള്ളരാജി ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്. രാജിയെ സി.പി.എം സൈബർ പോരാളികൾ ബി.ജെ.പിയിലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണ്. ബി.ജെ.പിയും സി.പി.എമ്മുമാണ് തന്റെ മുഖ്യശത്രുക്കൾ. അവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. തന്റെ ആവശ്യങ്ങൾ നേതൃത്വം ശ്രദ്ധാപൂർവം കേട്ടുവെന്നും വിജയൻ തോമസ് വ്യക്തമാക്കി.