a

കാട്ടാക്കട: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വൃദ്ധയുടെ മാല പൊട്ടിക്കാനുള്ള തമിഴ്‌നാട് സ്വദേശികളുടെ ശ്രമം പാളിയതോടെ നടന്നത് നാടകീയ രംഗങ്ങൾ. കാട്ടാക്കട ഗവ. ആശുപത്രിയിൽ തിങ്കളാഴ്‌ച രാവിലെ 11. 45ഓടെയാണ് വൃദ്ധയുടെ മാലപൊട്ടിക്കാൻ ശ്രമം നടന്നത്. ആശുപത്രിയിൽ മരുന്ന് വാങ്ങാനായി എത്തിയ അമ്പലത്തിൻകാല ശശി ഭവനിൽ സരോജിനിയുടെ (67) മാലയാണ് തമിഴ്നാട് സ്വദേശികളായ

മൂവർ സംഘം പൊട്ടിക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെ ഒ.പി വരിയിൽ നിന്നിരുന്ന വൃദ്ധയുടെ പിന്നിലെത്തിയ സംഘത്തിൽ ഒരാൾ മാല പൊട്ടിക്കാൻ ശ്രമിച്ചു. മാല പൊട്ടിക്കാനുള്ള ശ്രമം ഭാര്യയുമായി വരിയിൽ നിന്നയാളുടെ ശ്രദ്ധയിൽപ്പെടുകയും ഇയാൾ ബഹളം വയ്ക്കുകയും ചെയ്‌തതോടെ സംഘം ഇവരെ വകഞ്ഞു മാറ്റി റോഡിലേയ്ക്ക് ഓടി. എന്നാൽ ആശുപത്രിയിലെ ജീവനക്കാർ പിന്നാലെ ഓടുകയും നാട്ടുകാരും സമീപ കടകളിൽ നിന്നുള്ളവരും മൂവരെയും തടയുകയും ചെയ്തു. പിടിക്കപ്പെട്ടെന്ന് മനസിലായ ഇവരിൽ ഒരാൾ സ്വയം മൂക്കിൽ ഇടിച്ചു രക്തം വരുത്തി ബോധക്ഷയം അഭിനയിച്ച് റോഡിൽ കിടന്നു. തുടർന്ന് ഇരുഭാഗത്തും നിന്നും എത്തിയ വാഹനങ്ങൾ റോഡിൽ കുടുങ്ങി നീണ്ട നിരയായി. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തിയതോടെ നാട്ടുകാർ തങ്ങളെ മർദ്ദിച്ചെന്നാരോപിച്ച് സംഘം റോഡിൽ കിടപ്പായി. കാട്ടാക്കട പൊലീസ് സ്വയം പരിക്കേൽപ്പിച്ചയാളെ ആശുപത്രിയിലേക്കും മറ്റു രണ്ടുപേരെ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. സംഭവമറിഞ്ഞ് സമാന അനുഭവം ഉണ്ടായവർ സ്റ്റേഷനിൽ എത്തി ഇവരെ തിരിച്ചറിഞ്ഞു. ഒരു വർഷം മുൻപ് ഒന്നര പവന്റെ മാല ഇതേ ആശുപത്രിയിൽ വച്ച് നഷ്ടപ്പെട്ട കാട്ടാക്കട മൈലോട്ടുമൂഴി കടയറ വീട്ടിൽ സുമതി അമ്മയും (75) സ്റ്രേഷനിൽ എത്തിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. വനിതാ ദിനമായതിനാൽ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.