
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മറയാക്കി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കാനായി സർക്കാർ നടത്തുന്ന നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷ നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മാതൃകാ പരീക്ഷകളും അവസാനിച്ചു. അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് സർക്കാർ പറയുന്ന കാരണം. പരീക്ഷ ഇല്ലാത്ത ദിനങ്ങളിൽ അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് പരിശീലനം നടത്താവുന്നതേയുള്ളൂ. മാർച്ച് 31ന് പരീക്ഷ തീരുന്നതുകൊണ്ട് ഏപ്രിൽ 6ലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല.
കുട്ടികൾ പരീക്ഷയ്ക്ക് തയാറായിരിക്കുന്നതിനാൽ മാറ്റിവച്ചാൽ അത് അവരെ മാനസികമായി തളർത്തുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള വാവൂരും ജനറൽ സെക്രട്ടറി കരീം പടുകുണ്ടിലും പറഞ്ഞു.