train

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്നതിനുള്ള ദേശീയ സോണൽ ഡിവിഷൻ സ്റ്റേഷൻതല റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കണമെന്ന് ആൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരുവർഷമായി ഇത് മുടങ്ങിയിരിക്കുകയാണ്.
കൊവിഡ് കാലം കണക്കിലെടുത്ത് പാസഞ്ചർ,മെമു മിനിമം നിരക്കും പ്ലാറ്റ്‌ഫോം പ്രവേശന നിരക്കും പത്തിൽ നിന്ന് 30 രൂപയാക്കിയത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്. 36 പാസഞ്ചർ മെമു ട്രെയിനുകൾ എക്സ്‌പ്രസുകൾ ആക്കിയതിനാൽ ടിക്കറ്റിനു പുറമേ റിസർവേഷൻ ചാർജും കൊടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സീസൺ ടിക്കറ്റും മുതിർന്ന പൗരന്മാർക്ക് ഇളവും ഇപ്പോൾ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ യാത്രക്കാർക്കെതിരായ നടപടികൾ നിയന്ത്രിക്കാൻ ട്രായി (ടെലികോം റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ), വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ) മാതൃകയിൽ വ്യോമ,റെയിൽ,വാട്ടർ,റോഡ് യാത്ര ടിക്കറ്റ് നിരക്ക് വർദ്ധന നിയന്ത്രിക്കുന്നതിന് അതോറിട്ടി /കമ്മിഷൻ രൂപീകരിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി.അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ.ചാക്കുണ്ണി, ഡി.ആർ.യു.സി.സി അംഗവും കൺവീനർമാരുമായ സൺഷൈൻ ഷൊർണൂർ, പി.ഐ.അജയൻ എന്നിവർ അഭ്യർത്ഥിച്ചു.