
തിരുവനന്തപുരം:കേന്ദ്രസർക്കാർ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വൈദ്യുതി നിയമഭേദഗതിയെ എതിർത്ത് കേരളം.
വൻകിടക്കാർക്ക് വൻനിരക്കിൽ വൈദ്യുതി നൽകി അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് പാവങ്ങൾക്കും കർഷകർക്കും കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകുന്ന സംവിധാനമാണ് കേരളത്തിലുള്ളത്. പുതിയ നിയമം വരുന്നതോടെ ഇതിന് സാദ്ധ്യതയില്ലാതാകും.ഫലമായി ഗാർഹിക വൈദ്യുതി നിരക്ക് കുത്തനെ ഉയരും.
വൈദ്യുതി നിയമം ഭേദഗതി കരട് ബില്ല് കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ വൈദ്യുതിമേഖലയെ ഗുരുതരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് നിയമ ഭേദഗതി ബില്ലിൽ ഉള്ളത്. ഫെഡറൽ ഭരണക്രമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇത്തരമൊരു ബില്ല് മുന്നോട്ടുവയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ ഈ നിയമഭേദഗതി നീക്കത്തിൽ നിന്നും പിൻമാറണമെന്നാണ് സംസ്ഥാന നിലപാട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും.
വൈദ്യുതി നിയമം ഭേദഗതി
കരട് ബില്ലിലെ നിർദ്ദേശങ്ങൾ
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് സ്വകാര്യ കമ്പനിക്കും ഏത് സംസ്ഥാനത്തും വൈദ്യുതി വിതരണം ഏറ്റെടുക്കാനാകും.
ഇതിനായുള്ള രജിസ്ട്രേഷൻ അപേക്ഷയിൽ രണ്ടുമാസത്തിനുള്ളിൽ ബന്ധപ്പെട്ട റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കണം.
അല്ലെങ്കിൽ തീരുമാനമെടുത്തതായി കണക്കാക്കി ആ കമ്പനിക്ക് വൈദ്യുതി വിതരണം തുടങ്ങാം.
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായി ഉപയോഗിക്കാം
വൈദ്യുതി ശൃംഖലാ നിർമ്മാണമോ പരിപാലനമോ സ്വകാര്യകമ്പനികൾക്ക് ആവശ്യമില്ല.
സ്വന്തമായി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തേണ്ട ബാദ്ധ്യത പോലും കമ്പനികൾക്കില്ല.
സ്വകാര്യ കമ്പനി വൻകിടക്കാർക്ക് മാത്രമാണ് വൈദ്യുതി വിതരണം ചെയ്യുക.
കാർഷിക മേഖല, ഗാർഹിക ഉപഭോക്താക്കൾ തുടങ്ങിയ മേഖലകളിൽ വിതരണം നടത്തില്ല.
ഇതിന്റെ ഫലമായി കെ.എസ്.ഇ.ബി ലാഭദായകമല്ലാത്ത കാർഷിക,ഗാർഹികമേഖലകളിലേക്ക് ചുരുങ്ങും.
"സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകുന്നതിനെയും കെ.എസ്.ഇ.ബി.പോലുള്ള പൊതുമേഖലാ വൈദ്യുതിവിതരണ സംവിധാനത്തെയും ഇല്ലാതാക്കാൻ ഇതിടയാക്കുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക"
വൈദ്യുതി മന്ത്രി എം.എം.മണി