
തിരുവനന്തപുരം: കോൺഗ്രസിന്റെ 21 സിറ്റിംഗ് എം.എൽ.എമാരുടെ മണ്ഡലങ്ങളിലേക്ക് അവരെ കൂടാതെ, രണ്ടോ മൂന്നോ പേരുകളുൾപ്പെടുത്തിയുള്ള പാനൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് ഹൈക്കമാൻഡ്.സിറ്റിംഗ് എം.എൽ.എമാരിൽ ഇരിക്കൂറിൽ കെ.സി. ജോസഫ് ഒഴികെയുള്ളവരെല്ലാം വീണ്ടും മത്സരിക്കാനാണ് ധാരണയെങ്കിലും, ചില മണ്ഡലങ്ങളിലെ ജയസാദ്ധ്യത പൂർണ്ണതോതിലുണ്ടോയെന്ന് ഹൈക്കമാൻഡ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ പരിഗണനകൾ ഉൾക്കൊള്ളുന്ന പേരുകൾ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത്.അതേസമയം, മറ്റ് മണ്ഡലങ്ങളിലേക്ക് അഞ്ചും ആറും പേരുകൾ ഉൾപ്പെടുത്തിയുള്ള പാനലിനെ ഹൈക്കമാൻഡ് എതിർത്തതായി സൂചനയുണ്ട്. പേരുകൾ രണ്ടോ മൂന്നോ ആക്കി ചുരുക്കിയില്ലെങ്കിൽ ചർച്ചകൾ നീണ്ടുപോയേക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഇന്നലെ ഡൽഹിയിൽ കേരള നേതാക്കൾ വീണ്ടും പട്ടികയിൽ വെട്ടലും തിരുത്തലും വരുത്തി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും അതേ സമയംകെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ,അദ്ദേഹത്തെ കണ്ണൂരടക്കം ചില മണ്ഡലങ്ങളിലേക്ക് ഹൈക്കമാൻഡ് നിർദ്ദേശിക്കുമെന്നാണറിയുന്നത്. സിറ്റിംഗ് എം.എൽ.എമാർക്ക് പുറമേ, ചില മുതിർന്ന നേതാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയുള്ള പാനലാണ് നേതൃത്വത്തിന്റെ പരിഗണനയിൽ.
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായി. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിൽ തുടരുകയാണ് മുല്ലപ്പള്ളി.കേരളത്തിൽ തയ്യാറാക്കിയ പട്ടികയിൽ യോജിച്ചവരെ കണ്ടെത്തി അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ എച്ച്.കെ. പാട്ടീൽ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായാണ് ചർച്ച. അന്തിമ പട്ടികയ്ക്ക് നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകും.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ദുഡ്ഡില ശ്രീധർ ബാബു, പ്രണിതി ഷിൻഡെ തുടങ്ങിയവരും ചർച്ചയുടെ ഭാഗമാണ്. സ്ക്രീനിംഗ് കമ്മിറ്റി നൽകുന്ന പട്ടിക പരിഗണിക്കുന്ന നാളത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുതിർന്ന നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.