
തിരുവനന്തപുരം: പാർട്ടി മത്സരിക്കുന്ന എൺപത്തി രണ്ടോളം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണയിലെത്തി ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിരിഞ്ഞെങ്കിലും ,നേതൃത്വത്തെ ഞെട്ടിച്ച് പലേടത്തും പ്രതിഷേധങ്ങൾ തെരുവിലേക്ക്. സി.പി.എമ്മിൽ അത്ര പതിവില്ലാത്ത കാഴ്ചയാണിത്. പൊന്നാനിയിലും കുറ്റ്യാടിയിലുമാണ് ഇന്നലെ പ്രവർത്തകരുടെ പ്രതിഷേധം തെരുവിലെത്തിയത്.
പൊന്നാനിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു തെരുവിലെ പ്രകടനം. ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. കഴിഞ്ഞ രണ്ട് തവണയും പി. ശ്രീരാമകൃഷ്ണന് വേണ്ടി സിദ്ദിഖ് മാറി നിന്നതാണെന്നാണ് പ്രതിഷേധത്തിനിറങ്ങിയവർ പറയുന്നത്. എന്നാൽ, തെറ്റിദ്ധാരണ കൊണ്ടാണ് ചിലർ പ്രതിഷേധവുമായി ഇറങ്ങിയതെന്നും, സ്ഥാനാർത്ഥി പട്ടിക പുറത്ത് വരുമ്പോൾ കാര്യങ്ങൾ ബോദ്ധ്യപ്പെടുമെന്നും ജില്ലാ സെക്രട്ടറി ഇ.എം. മോഹൻദാസ് പ്രതികരിച്ചത് സ്ഥാനാർത്ഥിത്വം വീണ്ടും മാറുമോയെന്ന സന്ദേഹമുണർത്തി.
സി.പി.എമ്മിന് ജയസാദ്ധ്യതയുള്ള കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്തതിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയത്. നേരത്തേ മേപ്പയൂരിന്റെയും, പിന്നീട് കുറ്റ്യാടിയുടെയും ഭാഗമായി മാറിയ പ്രദേശങ്ങളുൾപ്പെട്ട മണ്ഡലമാണ് കുറ്റ്യാടി. ഇവിടെ കഴിഞ്ഞ തവണ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിന് മുസ്ലിംലീഗിലെ പാറയ്ക്കൽ അബ്ദുള്ള വിജയിച്ചത്. പാർട്ടിക്ക് സാദ്ധ്യതയുള്ള സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുത്തത് സമീപമണ്ഡലങ്ങളെയും ബാധിക്കുമെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് മാസ്റ്ററെ സി.പി.എം നേരത്തേ ഇവിടെ പരിഗണിച്ചിരുന്നുവെന്നും പറയുന്നു. പിന്നീടാണ് ജോസ് വിഭാഗത്തിന് വിട്ടുനൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ പ്രതിഷേധം തുടങ്ങിയതാണെങ്കിലും ഇന്നലെയാണ് അത് തെരുവിലേക്കെത്തിയത്. മറ്റ് ചില മണ്ഡലങ്ങളിലും സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പുയരുന്നുണ്ട്.
2006ൽ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴാണ് സംസ്ഥാനവ്യാപകമായി തെരുവിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധമിരമ്പിയത്. ഇത് നേതൃത്വത്തെ വീണ്ടുവിചാരത്തിലേക്ക് നയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും ആലപ്പുഴയിൽ ചില പരസ്യ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.