
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയ ചർച്ചകളും ഉഭയകക്ഷി ചർച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാർത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചർച്ച പൂർത്തിയായെങ്കിലും മറ്ര് ഘടകകക്ഷികളുമായുള്ള ചർച്ച ഇനിയും നീളും.മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും. ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം 11 നോ 12 നോ ഡൽഹിയിൽ നടക്കും. കുറെ സീറ്രുകളിൽ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം ഒരുമിച്ചായിരിക്കും. പല ജില്ലകളിൽ നിന്നും ലഭിച്ച പട്ടികകളിൽ ഒന്നാം റൗണ്ട് ചർച്ച നടത്തിയ ശേഷം തീരുമാനമാകാതെ മാറ്രിവച്ചിരിക്കുകയാണ്. പന്തളം, മാവേലിക്കര, ആറ്രിങ്ങൽ സംവരണ സീറ്രുകൾക്കായി ഒട്ടേറെ പേർ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.വി.ബാലകൃഷ്ണൻ, ആകാശവാണി -ദൂരദർശൻ മുൻ ജോയിന്റ് ഡയറക്ടർ കെ.എ. മുരളീധരൻ എന്നിവരെയും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിനെയും മാവേലിക്കരയിൽ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന മുൻ കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപനോ പന്തളം നഗരസഭ ചെയർപേഴ്സൺ സുശീലയ്ക്കോ അടൂർ സീറ്ര് നൽകും. പി.സുധീറിനെ ആറ്രിങ്ങലിലും പരിഗണിക്കുന്നുണ്ട്. ഉദുമയിൽ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, തലശ്ശേരിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസ്, കൂത്തുപറമ്പിൽ സെൽ കോ ഓർഡിനേറ്രർ കെ. രഞ്ജിത് എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഒറ്രപ്പാലത്ത് സന്ദീപ് വാര്യർ, ചെങ്ങന്നൂരിൽ ആർ. ബാലശങ്കർ എന്നിവർക്കാണ് സാദ്ധ്യത. നെയ്യാറ്രിൻകരയിൽ കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന ഉദയ സമുദ്ര ഗ്രൂപ്പ് എം.ഡി രാജശേഖരൻ നായരെ സ്ഥാനാർത്ഥിയാക്കാനും സാദ്ധ്യതയുണ്ട്. ബി.ഡി.ജെ.എസിൽ നിന്നേറ്രെടുത്ത കോഴിക്കോട് സൗത്തിൽ നവ്യ ഹരിദാസും കോവളത്ത് എസ്. സുരേഷും ഷൊർണൂരിൽ പി. വേണുഗോപാലും മത്സരിക്കും. സുരേഷ് ഗോപി തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.