
തിരുവനന്തപുരം: കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ പെൺ കലാവിസ്‌മയത്തിന് തുടക്കമായി. വേൾഡ് ഓഫ് വിമെൻ എന്ന് പേരിട്ടിരിക്കുന്ന വാരാഘോഷം പ്രമുഖ ചിത്രകാരി ബബിതാ നായർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്‌തു. രാവിലെ 11ന് നടന്ന 50ഓളം ചിത്രകാരികളുടെ തത്സമയ ചിത്രരചനയും, വൈകിട്ട് 7ന് അരങ്ങേറിയ സയനോരയുടെ സംഗീതനിശയും കലവിസ്‌മയത്തിന് മാറ്റുകൂട്ടി. മേള കോർട്ടിലെ തുറന്ന വേദിയിലാണ് കലാവിരുന്നുകൾ അരങ്ങേറിയത്. ഇന്ന് രാത്രി 8ന് നഞ്ചിയമ്മയും കൂട്ടരും അവതരിപ്പിക്കുന്ന നാടോടി നൃത്ത ഗാനമേളയും സമാപനദിനമായ 14ന് ആര്യ ദയാലിന്റെ സംഗീതനിശയുമുണ്ടാകും. വനിതാദിനത്തിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം 16 മുതൽ ആർട്ട് ഗാലറിയിലുണ്ടാകും.