apakdatthil-thakarnna-car

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. കല്ലമ്പലം പുതുശേരിമുക്ക് കോട്ടറക്കോണം ചരുവിള പുത്തൻവീട്ടിൽ ഷൈജു (25), ബന്ധുക്കളായ ശരത്ത് (26), രാഹുൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ വർക്കല റോഡിൽ നിന്നും നഗരൂർ റോഡിലേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികരായ മൂന്നുപേരെയും കല്ലമ്പലം പൊലീസ് ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേർ അപകടനില തരണം ചെയ്‌തതായും ഷൈജുവിന്റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടിയം സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. കാറിന്റെ മുൻ വശവും ബൈക്കും പൂർണമായും തകർന്നു. കല്ലമ്പലം പൊലീസും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കംചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചു.