
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം)ന് നൽകുന്നതിൽ സി.പി.എം. അണികളിൽ കടുത്ത അമർശം. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ സ്ത്രീകളും യുവാക്കളുമടക്കം ഇരുന്നൂറിലധികം പേർ പ്രകടനത്തിനിറങ്ങി. കുറ്റ്യാടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്നും ആരംഭിച്ച് കുറ്റ്യാടി ടൗണിൽ സമാപിച്ചു. ഈ മണ്ണ് ചുവന്ന മണ്ണ്, ഈ പാർട്ടി നമ്മുടെ പാർട്ടി, സി.പി.എം സിന്ദാബാദ്, ഈ മണ്ഡലം ഞങ്ങൾക്ക് വേണം, ഞങ്ങളുടെ ചിഹ്നം പൊന്നരിവാൾ എന്ന മുദ്രാവാക്യം പ്രകടനത്തിൽ ഉയർന്നു. മണ്ഡലം പരിധിയിലെ ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ജില്ല കമ്മിറ്റി അംഗങ്ങളുടെയും യോഗത്തിൽ മേഖലയിലെ പാർട്ടി പ്രവർത്തകർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനിടെയാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് അനുകൂലമായ ബാനറുകൾ ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിലും പാർട്ടി ഗ്രൂപ്പുകളിലും നിരന്തരമായി പ്രതിഷേധ കുറിപ്പുകളും കാണുന്നുണ്ട്.