
നെയ്യാറ്റിൻകര: അധികൃതർ വാക്ക് പാലിക്കാതായയതോടെ കൂട്ടപ്പന - കൊടങ്ങാവിള റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. 5 കോടി 88 ലക്ഷം രൂപ ചെലവാക്കി നിർമ്മാണം ആരംഭിച്ച കൂട്ടപ്പന - കമുകിൻകോട് അവണാകുഴി -ഓലത്താന്നി റോഡിലെ കൂട്ടപ്പന മുതൽ കൊടങ്ങാവിള വരെയുള്ള ഭാഗത്തെ റോഡുപണിയാണ് എങ്ങും എത്താതത്. കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുനാളിന് മുൻപ് അവണാകുഴി മുതൽ കൊടങ്ങാവിള വരെയുള്ള ഭാഗം ടാർ ചെയ്തെങ്കിലും ശേഷിക്കുന്ന ഭാഗം ടാർ ചെയ്യാതെ ഇടുകയായിരുന്നു. ഒരു മാസത്തിനു മുൻപാണ് കൊടങ്ങാവിള അവണാകുഴി റോഡിന്റെ പണി പൂർത്തിയാക്കിയത്.
കൊടങ്ങാവിള കൂട്ടപ്പന റോഡിൽ ടാറിംഗിന് മുന്നോടിയായി മാസങ്ങൾക്ക് മുൻപ് മെറ്റൽ പാകി ഇട്ടിരിക്കുന്നതിനാൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. റോഡരികിൽ ചെമ്മണ്ണ് കൂട്ടി ഇട്ടിരിക്കുന്നത് പൊടിശല്യത്തിനും വാഹന അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കൂട്ടപ്പന ജംഗ്ഷനിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവം ഉണ്ടായെങ്കിലും യാത്രാക്കാരെല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. റോഡിലെ പൊടി ശല്യം സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരെയും ബുദ്ധിമുട്ടിപ്പിക്കുന്നതായി പരാതിയുണ്ട്. കൂട്ടപ്പന കൊടങ്ങാവിള റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.