
കൊവിഡ്കാല നിയന്ത്രണങ്ങളിൽ നിന്ന് ഒട്ടെല്ലാ മേഖലകളും മുക്തമായെങ്കിലും റെയിൽവേയുടെ പ്രവർത്തനങ്ങൾ ഇനിയും പഴയ തോതിലായിട്ടില്ല. അതിനു മതിയായ കാരണവുമുണ്ട്. രോഗവ്യാപനം പരമാവധി ഇല്ലാതാക്കാൻ വേണ്ടിയാണ് കൊവിഡിന്റെ ആരംഭത്തിൽത്തന്നെ രാജ്യത്തെമ്പാടും യാത്രാവണ്ടികൾക്കു കർക്കശമായ നിയന്ത്രണം കൊണ്ടുവന്നത്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ദുരന്തങ്ങൾ പലതും കാണേണ്ടി വരുമായിരുന്നു. സമ്പർക്കത്തിലൂടെ രോഗികളാകുന്നവരുടെ സംഖ്യ ഭീതിദമാം വിധം വർദ്ധിക്കാതിരുന്നത് അതികർക്കശമായ യാത്രാനിയന്ത്രണങ്ങൾ പ്രാബല്യത്തിലിരുന്നതുകൊണ്ടാണ്. രോഗവ്യാപനം നിയന്ത്രണത്തിലാവുകയും ജനജീവിതം പതിയെ സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തതോടെ റെയിൽവേയും യാത്രക്കാരെ സേവിക്കാൻ രംഗത്തെത്തി എന്നത് വാസ്തവമാണ്. എന്നാൽ സാധാരണക്കാരുടെ ആശ്രയമായ ഹ്രസ്വദൂര പാസഞ്ചർ - മെമു സർവീസുകൾ ഇനിയും തുടങ്ങാനായിട്ടില്ലെന്നത് പോരായ്മയായി ശേഷിക്കുന്നു. മാത്രമല്ല തുടങ്ങിയ ചുരുക്കം പാസഞ്ചറുകൾ എക്സ്‌പ്രസാക്കി മാറ്റി. നേരത്തെ നൽകിവന്ന ടിക്കറ്റ് നിരക്കിന്റെ നാലും അഞ്ചും ഇരട്ടി നൽകാൻ യാത്രക്കാർ നിർബന്ധിതരാവുകയും ചെയ്തു. സാധാരണക്കാരെ രണ്ടുവിധത്തിലാണ് ഈ പരിഷ്കാരം വലച്ചത്. എക്സ്‌പ്രസ് ആയതിനാൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ല. ടിക്കറ്റ് നിരക്കാണെങ്കിൽ ദുർവഹവും. ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കുകയാണോ റെയിൽവേയുടെ പുതിയ നയമെന്നറിയില്ല. ഏതായാലും അത്തരത്തിലുള്ള നടപടികളാണ് അടുത്തകാലത്തായി കാണുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്ളാറ്റ്‌ഫോം നിരക്കുപോലും മൂന്നുമടങ്ങായി വർദ്ധിപ്പിച്ചത് ഇപ്പോഴും തുടരുകയാണ്. മിനിമം യാത്രാനിരക്കിലും വൻ വർദ്ധനയാണ് വരുത്തിയത്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയും കൂടുതൽ യാത്രാവണ്ടികൾ സർവീസ് തുടങ്ങുകയും ചെയ്തിട്ടും വർദ്ധിച്ച നിരക്കുകളിൽ ഇളവു വരുത്താൻ റെയിൽവേ തയ്യാറായിട്ടില്ല. കൊവിഡ് കാലത്ത് ഏറ്റവും വലിയ വരുമാനക്കുറവ് നേരിടേണ്ടിവന്ന സ്ഥാപനങ്ങളിലൊന്നാണ് റെയിൽവേ. എത്ര ശ്രമിച്ചാലും ഉടനടിയൊന്നും അതു തിരിച്ചുപിടിക്കാനാവുമെന്നു തോന്നുന്നില്ല. സാഹചര്യം ഇങ്ങനെയിരിക്കെ യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഇപ്പോഴത്തെ സമീപനം മാറ്റാൻ ഇനിയെങ്കിലും നടപടി എടുക്കേണ്ടതാണ്.
കൊവിഡ് തുടങ്ങിയതിൽപ്പിന്നെ റെയിൽവേ ഉപദേശക സമിതി യോഗങ്ങളൊന്നും നടക്കാറില്ല. വിവിധ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗങ്ങൾ വിളിച്ചുകൂട്ടി റെയിൽവേ യാത്രക്കാരുടെ പരാതികളെക്കുറിച്ചും നിർദ്ദേശങ്ങളെക്കുറിച്ചും ചർച്ച നടത്തി ഉചിത തീരുമാനങ്ങളെടുക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം ആൾ ഇന്ത്യാ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ റെയിൽവേ വകുപ്പിനോട് ഉന്നയിച്ച ആവശ്യം തികച്ചും ന്യായമാണ്. റദ്ദാക്കപ്പെട്ട പാസഞ്ചർ - മെമു സർവീസുകൾ പുനരാരംഭിക്കാൻ നടപടി വൈകരുത്. റിസർവേഷൻ ചാർജ് കൂടി നൽകിയാലേ പകൽനേരത്തു പോലും യാത്രചെയ്യാനാവൂ എന്ന നിയന്ത്രണവും പിൻവലിക്കേണ്ടതാണ്. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കോ നാഗർകോവിലിലേക്കോ ഒന്നരമണിക്കൂർ നീളുന്ന യാത്രയ്ക്കും റിസർവേഷൻ ചാർജ് ആവശ്യപ്പെടുന്നത് അനീതിയാണ്. ഇങ്ങനെ അധിക വരുമാനമുണ്ടാക്കിയാലും കൊവിഡ് കാലത്തു നേരിടേണ്ടിവന്ന അതിഭീമമായ വരുമാന നഷ്ടത്തിന്റെ ഒരു അരികു പോലും നികത്താനാകില്ലെന്ന യാഥാർത്ഥ്യം ഓർക്കുമ്പോൾ യാത്രക്കാരനെ വെറുതേ ദ്രോഹിക്കാതിരിക്കുന്നതല്ലേ നല്ലത്. മഹാമാരിയിൽ ബഹുഭൂരിപക്ഷത്തിന്റയും ജീവിതം ദുരിതമയമായിരിക്കെ അത്യാവശ്യ യാത്രക്കൊരുങ്ങുന്നവന്റെ കീശയിലെ അവസാന തുട്ടും കൈയിട്ടെടുക്കുന്ന സമീപനം മനുഷ്യത്വപരമാണെന്നു പറയാനാവില്ല. രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് നൽകിവന്ന യാത്രാസൗജന്യം കൊവിഡ് വന്നതോടെ അപ്പാടെ പിൻവലിച്ചിരിക്കുകയാണ്. വയോധികരെ യാത്രയിൽ നിന്നു വിലക്കാനുദ്ദേശിച്ചാണോ ഈ വിചിത്ര തീരുമാനമെന്നറിയില്ല. എന്തായാലും അപരിഷ്കൃതമായ ഒരേർപ്പാടാണിത്. രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യമല്ലാത്ത യാത്രയ്ക്ക് വയോധികർ ഇറങ്ങിത്തിരിക്കില്ലെന്ന് ഏവർക്കും അറിയാം. അങ്ങനെ യാത്രയ്‌ക്കെത്തുന്ന വയോധികരെ 'ശിക്ഷി"ക്കാനൊരുങ്ങുന്നത് മഹാപാപമാണ്. യാത്രക്കാർ ഇതുപോലുള്ള എന്തു അനീതികളും മിണ്ടാതെ സഹിച്ചുകൊള്ളണമെന്നാണ് അധികാരികളുടെ നിലപാട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്രക്കാരുടെ താത്‌പര്യങ്ങൾ നോക്കാനും ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും 'ട്രായ്" മാതൃകയിൽ റെയിൽവേയിലും ഒരു റഗുലേറ്ററി കമ്മിഷൻ വേണമെന്ന ആവശ്യം റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിൻ യാത്രക്കാർക്കു മാത്രമല്ല രാജ്യത്ത് വിവേചനം നേരിടേണ്ടിവരുന്നത്. വിമാനയാത്രക്കാരും വലിയ തോതിൽ ചൂഷണം നേരിടേണ്ടിവരാറുണ്ട്. വർഷത്തിൽ പലതവണ അമിത നിരക്ക് നൽകാൻ വിധിക്കപ്പെട്ടവരാണ് വിമാന യാത്രക്കാർ. ബസ് നിരക്കുകളിലും കാണാം വർദ്ധിച്ച അന്തരം. വൈദ്യുതി നിരക്കും ടെലിഫോൺ നിരക്കും നിയന്ത്രിക്കാൻ അതോറിട്ടിയും കമ്മിഷനുമൊക്കെ ഉള്ളതുപോലെ വിവിധയിനം യാത്രാനിരക്കുകൾ നിർണയിക്കാനും അതുപോലുള്ള സംവിധാനമുണ്ടെങ്കിൽ ഏകപക്ഷീയമായി നിരക്കുകൾ അടിച്ചേല്പിക്കുന്നതിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാനാകും. റെയിൽവേ യാത്രക്കാരുടെ കേന്ദ്ര സംഘടനയും ഇതേ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. പരിഗണിക്കപ്പെടേണ്ട നല്ല നിർദ്ദേശമാണിത്.