photo

പാലോട്: നന്ദിയോട് - പെരിങ്ങമ്മല പഞ്ചായത്തുകളിലെ എല്ലാ മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും നടപടിയെടുക്കാതെ അധികാരികൾ. ഈ പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസായ വാമനപുരം നദിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിൽ കുടിവെള്ള സംഭരണികളിലെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്.

പ്രദേശങ്ങളിലെ കിണറുകൾ പൂർണമായും വറ്റി. ഏക ആശ്രയമായ പൈപ്പ് ലൈനിൽ കൂടിയുള്ള ജലവിതരണം നിലച്ചിട്ട് മാസങ്ങളായി. ആഴ്ചയിൽ ഒരുദിവസം ഒരു മണിക്കൂർ കുടിവെള്ളം ചിലപ്പോൾ ലഭിക്കുമെങ്കിലും അത് എല്ലാ ഭാഗങ്ങളിലും എത്താറില്ല.

പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കുടിവെള്ളം ലഭിച്ചിരുന്ന നീരുറവകൾ മിക്കതും വേനലിൽ വറ്റിവരണ്ടു. വേനൽ കനത്തതോടെ കൃഷി മേഖല ഏതാണ്ട് നാശത്തിന്റെ വക്കിലാണ്.

പെരിങ്ങമ്മലയിലെ ദൈവപ്പുര വാർഡിൽ ചെങ്ങറയിൽ നിന്നും പുനരധിവസിപ്പിക്കപ്പെട്ട 19 കുടുംബങ്ങൾ വെള്ളമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. എല്ലാ കുടുംബങ്ങൾക്കും കൂടിയുള്ളത് ഒരു കിണറാണ്. അതിൽ വെള്ളവുമില്ല. അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്

നന്ദിയോട് പഞ്ചായത്തിലെ ആലംപാറ, കള്ളിപ്പാറ, നാല് സെന്റ് കോളനി, ആനക്കുഴി, നാഗര, പ്രാമല, വട്ടപ്പൻകാട്, കടുവാച്ചിറ, കുറുങ്ങണം, ഒഴുകു പാറ, കരിമ്പിൻ കാല, പനങ്ങോട്, പുലിയൂർ, വെമ്പ്, ആലുങ്കുഴി പേരയം, ആനകുളം എന്നിവിടങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺ വയൽ, വെളിയങ്കാല, മങ്കയം, വേങ്കൊല്ല, ശാസ്താംനട, ഇടിഞ്ഞാർ, കോളച്ചൽ, മുത്തിക്കാണി, കൊന്നമൂട്, ജവഹർ കോളനി എന്നിവടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.