dd

കടയ്ക്കാവൂർ: കുടിവെള്ളത്തിനായി തീരദേശവാസികൾ പരക്കം പായുന്നു. കടലിനും കായലിനുമിടയിലുള്ള അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട പ്രദേശങ്ങൾ പൈപ്പുവെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ഡച്ചു ഗവൺമെന്റിന്റെ സഹായത്തോടെ വാമനപുരം കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. എന്നാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി.

മൂന്നും നാലും ദിവസം കൂടുമ്പോൾ ഒരുദിവസം കുറച്ചുസമയം വെള്ളം കിട്ടിയെന്നിരിക്കും. അതും ഫോഴ്സ് കുറവായിരിക്കും. ഇതുകാരണം പല വീടുകളിലും വെള്ളം കിട്ടാറില്ല. പലപ്പോഴും അർദ്ധരാത്രി കഴിഞ്ഞായിരിക്കും വെള്ളമെത്തുന്നത്. അപ്പോൾ ഉറക്കമൊഴിഞ്ഞിരിക്കുന്നവർക്ക് മാത്രമേ കുടിവെള്ളം കിട്ടുകയുള്ളൂ. പുനഃരാരംഭിച്ച കാക്കക്കുഴി ജലവിതര പദ്ധതിയിൽ നിന്നും അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒന്നും, രണ്ടും, മൂന്നും വാർഡുകളിൽ കുടിവെള്ളം എത്തിക്കുമെന്നാണ് ഉദ്ഘാടന സമയത്ത് അധികൃതർ പറഞ്ഞത്. പക്ഷേ രണ്ട് പദ്ധതികളിൽ നിന്നും ഈ പ്രദേങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണ്. കടയ്ക്കാവൂർ പഞ്ചായത്തിലെ ആനത്തലവട്ടം, തെക്കുംഭാഗം തുടങ്ങിയുളള പ്രദേശക്കാരും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നിലയ്ക്കാമുക്ക്, കീഴാറ്റിങ്ങൽ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

കുടിവെള്ളം പാഴാകുന്നു

കടയ്ക്കാവൂർ ചെക്കാലവിളാകം ഗുരുമന്ദിരത്തിന് സമീപം ലൈൻ പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകിയിട്ട് അഞ്ചുദിവസം കഴിഞ്ഞാണ് അധികൃതർ ശ്രദ്ധിച്ചത്. അഞ്ചുതെങ്ങ് മണ്ണാക്കുളത്ത് പൈപ്പുലൈൻ പൊട്ടിയിട്ടും ഇതുതന്നെയായിരുന്നു അവസ്ഥ. നെടുങ്ങണ്ട പമ്പ് ഹൗസിന് സമീപം പൈപ്പുലൈൻ പൊട്ടിയത് നാലുദിവസം കഴിഞ്ഞാണ് നന്നാക്കിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പൊട്ടി. ഇപ്പോഴും ഇവിടെ വെള്ളം പാഴാവുകയാണ്.