
തിരുവനന്തപുരം:സീറ്റ് വിഭജനവും, സ്ഥാനാർത്ഥി നിർണയവും ഏതാണ്ട് അന്തിമ ഘട്ടത്തിലെത്തിനിൽക്കെ, സജ്ജീകരിച്ച പടക്കോപ്പുകളുമായി പോർക്കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും.
പരസ്പരം ശരം തൊടുക്കാൻ ആരോപണങ്ങൾ വേണ്ടുവോളമുണ്ട് മൂന്ന് കൂട്ടർക്കും. അവതരിപ്പിക്കാൻ വിഷയങ്ങൾക്കും പഞ്ഞമില്ല. സ്ഥാനാർത്ഥികളുമായി ഇറങ്ങിച്ചെന്ന് ജനമനസുകൾ കീഴടക്കാനുള്ള പ്രചാരണ തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടുന്ന തിരക്കിലാണ് നേതൃത്വങ്ങൾ.
ഇടത് ആയുധം ജനക്ഷേമം
സ്വർണക്കടത്തും ഡോളർ കടത്ത് കേസും പിൻവാതിൽ നിയമനവുമടക്കം ആരോപണങ്ങളുടെ ശരവർഷത്തെ ക്ഷേമ-വികസന പ്രവർത്തനങ്ങളുടെ പരിച കൊണ്ട് ചെറുക്കാമെന്ന ഉത്തമ വിശ്വാസത്തിലാണ് എൽ.ഡി.എഫ്. അപസ്വരങ്ങൾ അവിടവിടെ ഉയർന്നിട്ടും സ്ഥാനാർത്ഥി നിർണയത്തിലടക്കം എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാതെ ഉറച്ചു നിൽക്കുന്നതും ജന വിശ്വാസത്തിന്റെ അടിത്തറയിലാണ്. ഈ ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി പാർട്ടി നടത്തിയ അവലോകനത്തിൽ വ്യക്തമായതാണ് ആത്മവിശ്വാസത്തിന്റെ കാതൽ. 1600 രൂപ ക്ഷേമപെൻഷനും കൊവിഡിന്റെ വിനാശകാലത്ത് മുടങ്ങാതെ നൽകിയ കിറ്റുകളും സാധാരണക്കാരനെ തങ്ങളിൽ നിന്നകറ്റില്ലെന്ന് ഇടതു നേതൃത്വം വിശ്വസിക്കുന്നു. ഗതാഗത സൗഹൃദ റോഡുകൾ, മരുന്നിനും ചികിത്സയ്ക്കും പഞ്ഞമില്ലാത്ത സർക്കാർ ആതുരാലയങ്ങൾ എന്നിവയും എടുത്തുകാട്ടുന്നു.
അഴിമതികൾക്കെതിരെ യു.ഡി.എഫ് ചുരിക
ഇടത് സർക്കാരിനെതിരായ അഴിമതിയാരോപണങ്ങൾ വജ്രായുധമാക്കാനാണ് യു.ഡി.എഫ് നീക്കം..പ്രതിപക്ഷ നേതാവ് ഒന്നിന് പിറകെ ഒന്നായി ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾക്ക് പുറമെ, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങളും പരമാവധി ജനശ്രദ്ധയിൽ കൊണ്ടുവരും. .മാസം 6000 രൂപ നിരക്കിൽ വർഷം 72,000 രൂപ സാധാരണക്കാരന്റെ അക്കൗണ്ടിൽ എത്തിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ആഴക്കടൽ മത്സ്യബന്ധനത്തിന് നൽകിയ അനുമതി, പിൻവാതിൽ നിയമനം, പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമാക്കിയ സാഹചര്യം തുടങ്ങിയവയും പ്രചാരണത്തിലെ ദിവ്യാസ്ത്രങ്ങളാവും. കുതിച്ചു കയറുന്ന ഇന്ധനവിലയാവും മറ്റൊരു തുറുപ്പ്.
വിശ്വാസവും
ലൗ ജിഹാദും
സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളും സ്വർണക്കടത്ത് വിവാദങ്ങളുമാവും എൻ.ഡി.എ പ്രകടന പത്രികയിലെ മുഖ്യഇനം. കേന്ദ്ര സഹായം ഉപയോഗിച്ചുള്ളല്ലാതെ, സംസ്ഥാനത്ത് നടന്നിട്ടുള്ളത് നാമമാത്ര വികസനമാണെന്ന് സ്ഥാപിച്ചെടുക്കാനും ശ്രമിക്കും. ലൗ ജിഹാദും പ്രചാരണായുധമാക്കും. ക്ഷേത്രഭരണം വിശ്വാസികൾക്കെന്ന മുദ്രാവാക്യത്തിനൊപ്പം ശബരിമല വിഷയത്തിനും പുതുജീവൻ നൽകാൻ ശ്രമിക്കും.