k-surendran

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ തേഞ്ഞു തുരുമ്പിച്ച വ്യാജ പ്രചാരണം ആവർത്തിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അമിത്ഷായ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടൽ കേസുകൾ രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടി വിചാരണ പോലും നടത്താതെ കോടതി തള്ളിക്കളഞ്ഞതാണ്. അതിനു പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ് പോലും ഉപേക്ഷിച്ച വിഴുപ്പ് പിണറായി എടുത്ത് അലക്കുകയാണ്.

തലശ്ശേരിയിലെ വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതിയായിരുന്ന പിണറായി വിജയനാണ് അമിത്ഷായെ അധിക്ഷേപിക്കുന്നത്. സി.പി.എം നേതാക്കളെപ്പോലെ നെഞ്ചുവേദന അഭിനയിച്ചോ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തിയോ അമിത് ഷാ ഒളിച്ചോടിയില്ല. പകരം നിയമത്തിന്റെ മാർഗം തേടുകയായിരുന്നു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും നടന്ന ദുരൂഹമരണങ്ങളിലെ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പിണറായിയോട് സുരേന്ദ്രന്റെ ചോദ്യങ്ങൾ
 വ്യാജ സീലുണ്ടാക്കി സർക്കാർ വാഹനം ദുരുപയോഗം ചെയ്ത് സ്വർണക്കടത്തിനു കൂട്ടുനിന്ന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥനല്ലേ?
 നിയമസഭയുടെ ചിത്രം ആലേഖനം ചെയ്ത ബാഗിലല്ലേ ഡോളർ കടത്തിയത്?
 കൂട്ടുനിന്നത് മന്ത്രിസഭയിലെ അംഗങ്ങളും നിയമസഭാ സ്പീക്കറുമല്ലേ?
 സ്വപ്നയെ അറിയില്ലെന്നും സർക്കാർപ്രതിനിധിയായി അവർ വിദേശത്തേക്ക് പോയത് അറിയില്ലെന്നും പറഞ്ഞ പിണറായി പിന്നീട് ഇക്കാര്യം അറിയാമെന്ന് പറഞ്ഞത് എന്തിനാണ്?
 സ്വർണക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രധാന പ്രതി കോടതിക്ക് നൽകിയ രഹസ്യമൊഴി ശരിയാണോ?

 യു.എ.ഇ കോൺസുലേറ്റ് അടിക്കടി സന്ദർശിക്കാനും ജീവനക്കാരെ നിയമിക്കാനും കോൺസൽ ജനറലുമായി ചർച്ചനടത്താനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആര് അധികാരം തന്നു?