
മലയാളത്തിന്റെ പ്രിയ നായിക മഞ്ജുവാര്യർ ബോളിവുഡിൽ അരങ്ങേറുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചന. തെന്നിന്ത്യൻ താരം മാധവനാണ് ഈ ചിത്രത്തിൽ മഞ്ജുവാര്യരുടെ നായകനാകുന്നത്. ഭോപ്പാലിൽ നടന്ന ചിത്രത്തിന്റെ വർക്ക് ഷോപ്പിൽ മഞ്ജുവാര്യർ പങ്കെടുത്തിരുന്നു.മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യർ ആദ്യമായഭിനയിക്കുന്ന ദ പ്രീസ്റ്റ് നാളെ ലോകവ്യാപകമായി റിലീസ് ചെയ്യുകയാണ്. ഇന്നലെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിക്കും ദ പ്രീസ്റ്റിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം മഞ്ജുവാര്യരും പങ്കെടുത്തിരുന്നു.
പത്രസമ്മേളനത്തിന് ശേഷം തൃശൂരിലേക്ക് പോയ മഞ്ജുവാര്യർ വൈകിട്ട് അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റച്ചടങ്ങിൽ പങ്കെടുത്തു.പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയായിട്ടായിരുന്നു ഗിരിജാമാധവന്റെ അരങ്ങേറ്റം.രണ്ട് വർഷമായി കലാനിലയം ഗോപിയുടെ കീഴിൽ കഥകളി അഭ്യസിച്ച് വരികയായിരുന്നു ഗിരിജാ മാധവൻ. കൊവിഡ് കാലത്ത് ഓൺലൈനായിട്ടായിരുന്നു പഠനം.സഹോദരൻ മധുവാര്യർ സംവിധായകനാകുന്ന ലളിതം സുന്ദരത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ മഞ്ജുവാര്യർ ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ, സണ്ണി വയ്ൻ നായകനാകുന്ന ചതുർമുഖം, സണ്ണി വയ്ൻ നിർമ്മിച്ച് നിവിൻപോളി നായകനാകുന്ന പടവെട്ട് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ (തമിഴിൽ സെന്റിമീറ്റർ) സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്നിവ മഞ്ജുവിന്റേതായി പ്രദർശനത്തിനൊരുങ്ങിക്കഴിഞ്ഞ ചിത്രങ്ങളാണ്.
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന പുതിയ ചിത്രം. ഏപ്രിൽ 15ന് ചേർത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ഈ വർഷം തന്നെ ഒരു തമിഴ് ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിക്കും. വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജുവാര്യർ തമിഴിൽ അരങ്ങേറിയത്. അസുരനിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.