fire

കല്ലറ: മൈലമൂട്ടിലെ റോഡിനോട് ചേർന്നുള്ള വനമേഖലയിൽ ഫയർ ലൈൻ ജോലികൾ ആരംഭിച്ചു. വേനൽ ശക്തമായിട്ടും മേഖലയിലെ ഫയർ ലൈൻ തീർക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മൈലമൂടിന് സമീപമുണ്ടായ തീയിൽ മുളങ്കാടുകൾ കത്തി നശിച്ചിരുന്നു. ഇതേ തുടർന്ന് ഫയർ ലൈൻ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കാരേറ്റ് - പാലോട് റോഡിൽ ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ മുതൽ പാലോട് വരെയും റോഡിന്റെ വശങ്ങൾ വനപ്രദേശമാണ്. സാധാരണയായി വേനൽക്കാലമെത്തും മുൻപേ റോഡും വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാറുണ്ട്. ഇങ്ങനെ ഫയർ ലൈൻ തെളിക്കുന്നത് കാട്ടുതീ ഒഴിവാക്കുന്നതിന് സഹായമാകും. നൂറു കണക്കിന് വാഹനയാത്രികർ സഞ്ചരിക്കുന്ന ഈ മേഖലയിൽ അലക്ഷ്യമായി വലിച്ചെയ്യുന്ന ഒരു സിഗററ്റ് കുറ്റി പോലും ഏക്കർ കണക്കിനു വനഭൂമി കത്തി നശിക്കുന്നതിന് ഇടയാക്കും.