
കല്ലറ: ട്രാക്കിൽ പൊലിഞ്ഞുപോയ ഗുരുനാഥയുടെ സ്വപ്നത്തിന് സ്നേഹോപഹാരവുമായി പ്രിയ ശിഷ്യൻ. സംസ്ഥാന ഗുസ്തി മത്സരത്തിൽ 60 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഹാമിമിന്റെ സുവർണ നേട്ടത്തിന് പിന്നിൽ ഗുരുനാഥയായ പ്രവീണ നൽകിയ പരിശീലനവും പ്രോത്സാഹനവുമുണ്ട്.
1997ൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നൂറ് മീറ്റർ ഓട്ടത്തിന് സ്വർണം നേടിയ ശേഷം 200 മീറ്റർ ഓട്ടമത്സരത്തിൽ ഫിനിഷിംഗ് പോയിന്റിൽ എത്തുമ്പോഴാണ് പ്രവീണ ട്രാക്കിൽ മറിഞ്ഞു വീണതും തുടയെല്ല് പൊട്ടിയതും. ജി.വി രാജ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പ്രവീണയുടെ കായിക മോഹങ്ങൾ അതോടെ അസ്തമിച്ചു.
നീണ്ട ആശുപത്രി വാസത്തിനിടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരെത്തി സർക്കാർ ജോലി വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. പ്രവീണയുടെ ദുരിതാവസ്ഥ മനസിലാക്കി ഹെർക്കുലീസ് മോഡൽ സ്കൂൾ അധികൃതർ പ്രവീണയ്ക്ക് കായിക അദ്ധ്യാപികയായി നിയമനം നൽകി. ഈ സമയത്ത് അയൽവാസിയും പാങ്ങോട് കെ.വി.യു.പി.എസിലെ ഒമ്പതാം ക്ലാസുകാരനായ ഹാമിം എന്ന വിദ്യാർത്ഥിയിലെ കായിക പ്രതിഭയെ പ്രവീണ കണ്ടെത്തി പരിശീലനം നൽകി. സ്കൂൾ കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഹാമിമിന് ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു. ഹാമിമിന് കഴിഞ്ഞ വർഷം സംസ്ഥാന ഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേട്ടവും ലഭിച്ചു. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നടന്ന സംസ്ഥാന മത്സരത്തിൽ 60 കിലോ വിഭാഗത്തിൽ സ്വർണമെഡലും നേടി.
പ്രദേശത്തെ മിടുക്കരായ വിദ്യാർത്ഥികളെ കായികരംഗത്ത് എത്താൻ പരിശ്രമം നടത്തുന്ന പ്രവീണയ്ക്ക് ഹാമിന്റെ സ്വർണമെഡൽ പൊൻ തൂവലായി. മൈലമൂട് വേലൻ മുക്കിൽ അബ്ദുൽ ഹക്കീം മൗലവിയുടെയും സുഹ്റ ബീവിയുടെയും മകനാണ് ഹാമിം.