1

അരുവിപ്പുറം: മഹാശിവരാത്രി മഹോത്സവത്തിന് അരുവിപ്പുറവും പരിസരവും ഒരുങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും ഇക്കുറി ആഘോഷവും ആയിരം കുടം അഭിഷേകവും. അരുവിപ്പുറം പ്രതിഷ്ഠയുടെ 133-ാമത് വാർഷികാഘോഷത്തിനും നാളെ ആറാട്ടോടെ പരിസമാപ്തിയാകും.

നാളെ രാവിലെ 4ന് അഭിഷേകത്തോടെ പൂജകൾ ആരംഭിക്കും. 5 ന് ഗുരുപൂജ, 5.15 ന് ഗണപതിപൂജ, 6.30 ന് കാവടി അഭിഷേകം, 9 ന് മഹാമൃത്യുഞ്ജയഹോമം,വൈകിട്ട് 3.30 മുതൽ രാത്രി 9 വരെ സ്പെഷ്യൽ നാഗസ്വരത്തോട് കൂടിയ എഴുന്നള്ളത്ത്. രാത്രി 7 ന് മഹാശിവരാത്രി സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം,ഡോ.ബിജു പ്രഭാകർ, സി.ബി.ഐ ജഡ്ജ് കെ.സനിൽകുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ, ഡോ.ബെറ്റിമോൾ മാത്യു, എസ്.യു.റ്റി ഗ്രൂപ്പ് സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി, എസ്, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ പങ്കെടുക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.
രാത്രി ഒരു മണി മുതൽ ശിവപ്രതിഷ്ഠയിൽ ആയിരം കുടം അഭിഷേകം. ശങ്കരൻ കുഴിയിൽ നിന്ന് 1008 കുടം ജലമെടുത്ത് ശിവലിംഗത്തിൽ അഭിഷേകം ചെയ്യും. ഇതിൽ പങ്കെടുക്കുന്ന ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യണം. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് ആറാട്ടിനെഴുന്നള്ളിപ്പും 7 മണിക്ക് ബലിതർപ്പണവും.