
തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും, ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഏപ്രിൽ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. ഷോറൂമിൽ നിന്നു വാഹനം പുറത്തിറങ്ങുമ്പോൾത്തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പർ ലഭിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ പുതിയ വാഹനങ്ങൾക്കും ഓൺലൈനിൽ താത്കാലിക രജിസ്‌ട്രേഷൻ നൽകുന്ന രീതി ഇവിടെയുണ്ട്. ഇതിൽ മാറ്റം വരുത്തും. ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നവർക്കും, ബോഡി നിർമ്മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്‌ട്രേഷൻ നൽകുക.അപേക്ഷകൻ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കാൻ 18 സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കി. ഇതിൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഒഴികയുള്ളതെല്ലാം സംസ്ഥാനത്ത് നേരത്തെ തന്നെ ഓൺലൈനാക്കിയിരുന്നു.
ഉടമസ്ഥാവകാശം മാറ്റാനും ആധാർ
പ്രകടമായ മാറ്റം വരാൻ പോകുന്നത് വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിലാണ്. ഇനി മുതൽ പഴയവാഹനങ്ങൾ വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാർ നിർബന്ധമാണ്. പഴയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കേണ്ടതില്ല. വാങ്ങുന്നയാളിന് കൈമാറിയാൽ മതി. വസ്തു ഇടപാടിൽ മുൻപ്രമാണങ്ങൾ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം.
വായ്പ പൂർണമായും അടച്ചുകഴിഞ്ഞാൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഡിജിറ്റൽ രേഖകളിൽ ഉൾക്കൊള്ളിക്കും.