e-chandrashekharan

കാഞ്ഞങ്ങാട്/കാസർകോട്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും സി.പി.ഐ സ്ഥാനാർത്ഥിയായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും ജനവിധി തേടും. കാസർകോട്ട് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായതോടെയാണ് സംസ്ഥാന ഘടകം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മൂന്നാംവട്ടം മത്സരിക്കാൻ താത്പര്യമില്ലെന്ന് നേരത്തെ ഇ. ചന്ദ്രശേഖരൻ സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നെങ്കിലും രണ്ടുതവണ പൂർത്തിയാക്കിയവരെ ഒഴിവാക്കുന്നതിൽ ഇളവ് നൽകി പാർട്ടി അദ്ദേഹത്തോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും രണ്ടുതവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 72 ആം വയസിലാണ് പുതിയ നിയോഗം കൂടി പാർട്ടി ഏൽപ്പിച്ചത്. 2016 മെയ് 25ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി അധികാരമേറ്റു. 2005 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം,​ ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അവിഭക്ത കണ്ണൂർ ജില്ലയുടെ എ.ഐ.വൈ.എഫ്. സെക്രട്ടറിയായി തുടങ്ങി കാസർകോട് ജില്ലാ രൂപീകരിച്ചപ്പോൾ ഡോ. എ സുബ്ബറാവുവിന്റെ കൂടെ അസി സെക്രട്ടറിയും പിന്നീട് 11 വർഷം ജില്ലാ സെക്രട്ടറിയുമായി.

ഗ്രാമവികസന ബോർഡ് അംഗം, കേരള അഗ്രോ മെഷനറീസ് കോർപ്പറേഷൻ (കാംകോ) ഡയറക്ടർ, കെ.എസ്.ആർ.ടി.സി സ്റ്റേജ് പുനർനിർണയ കമ്മിറ്റിയംഗം,സംസ്ഥാന ലാന്റ് റിഫോംസ് റിവ്യൂ കമ്മിറ്റിയംഗം, ബി.എസ്.എൻ.എൽ കണ്ണൂർ എസ്.എസ്.എ അഡ്വൈസറി കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.സി. ജോസിനെ 12,​178 വോട്ടിനും 2016 ൽ കോൺഗ്രസിലെ ധന്യ സുരേഷിനെ 26,​611 വോട്ടിനും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പളയിൽ പി. കുഞ്ഞിരാമൻ നായരുടെയും ഇടയില്ല്യം പാർവ്വതിയമ്മയുടെയും മകനായി 1949 ഡിസംബർ 26നാണ് ജനനം. ഭാര്യ: വി. സാവിത്രി. പെരിയ കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി ചെയ്യുന്ന നീലിചന്ദ്രൻ ഏകമകളാണ്. മരുമകൻ: ചെമ്മട്ടംവയൽ സ്വദേശിയും എൻജിനീയറുമായ വിഷ്ണുവാണ്. സഹോദരങ്ങൾ: ഇ.കെ. നായർ, ചരടൻ നായർ, മാലതി, രോഹിണി.