
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന 25 സീറ്റുകളിൽ 21 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരനും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും ചീഫ് വിപ്പ് കെ. രാജനുമടക്കം 12 സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കെ. രാജു, പി. തിലോത്തമൻ എന്നിവർ ഒഴിവായി. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലാണ് സ്ഥാനാർത്ഥിപ്പട്ടിക അന്തിമമായി അംഗീകരിച്ചത്. പുതുതായെത്തിയ 9 പേരിൽ സുപാൽ മുമ്പ് എം.എൽ.എ ആയിട്ടുണ്ട്.
ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്രഖ്യാപനമാണ് മാറ്റിയത്. സംസ്ഥാന കൗൺസിലിലുയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടുതൽ കൂടിയാലോചനകൾക്കായി മാറ്റുകയായിരുന്നു.
വനിതാ പ്രാതിനിദ്ധ്യം ആശയിലൊതുങ്ങി
21 മണ്ഡലങ്ങളിൽ വനിതാ പ്രാതിനിദ്ധ്യം സംവരണമണ്ഡലമായ വൈക്കത്തെ സിറ്റിംഗ് എം.എൽ.എയായ സി.കെ. ആശയിലൊതുങ്ങി. ഇതിൽ സംസ്ഥാന കൗൺസിലിൽ വനിതാ അംഗങ്ങൾ വിമർശനമുയർത്തി. 33 ശതമാനം വനിതാ സംവരണത്തിനായി വാദിക്കുന്ന മഹിളാസംഘത്തിന് അപമാനമാണെന്നായിരുന്നു വിമർശനം.
സംവരണ മണ്ഡലമായ നാട്ടികയിൽ രണ്ട് ടേം മാത്രം മത്സരിച്ച ഗീതാ ഗോപിക്ക് പകരം ജില്ലാ, മണ്ഡലം കമ്മിറ്റികൾ നിർദ്ദേശിച്ചത് വേറെ പേരുകളായിരുന്നു. പാനലിലുൾപ്പെട്ട പേരുകൾ പുരുഷന്മാരുടേതായതിനാൽ, കൗൺസിലിലെ വിമർശനം കൂടി ഉൾക്കൊണ്ട് വനിതയെ പരിഗണിക്കാൻ യോഗം നിർദ്ദേശിച്ചു. മറ്റ് പേരുകളില്ലെങ്കിൽ ഗീത ഗോപിയെ തന്നെയാവും പരിഗണിക്കുക. ചടയമംഗലത്തും വനിതാ പ്രാതിനിദ്ധ്യമാണ് ആലോചിക്കുന്നത്. ജെ. ചിഞ്ചുറാണിയുടെ പേരിനാണ് മുൻതൂക്കം. യുവജന, വനിതാ പ്രാതിനിദ്ധ്യമൊക്കെ 25 സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും ബോദ്ധ്യപ്പെടുമെന്ന് വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് കാനം മറുപടി നൽകി.
കേരള കോൺ-എമ്മിന് അമിതപ്രാധാന്യമെന്ന്
കേരള കോൺഗ്രസ്-എമ്മിന് അമിതപ്രാധാന്യം നൽകുന്നുവെന്ന വിമർശനം കോട്ടയം ജില്ലയിൽ നിന്നുള്ളവർ ഉയർത്തി. ജില്ലയിൽ അവർക്ക് അഞ്ച് സീറ്റുകൾ നൽകിയപ്പോൾ സി.പി.ഐ പ്രാതിനിദ്ധ്യം ഒന്നിലൊതുങ്ങി. കണ്ണൂർ ജില്ലയിൽ പ്രാതിനിദ്ധ്യമില്ലാതായതും വിമർശനത്തിനിടയാക്കി.. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനമെന്നും, കൂടുതൽ കക്ഷികൾ മുന്നണിയിലെത്തുമ്പോൾ വിട്ടുവീഴ്ച വേണ്ടിവരുമെന്നും കാനം വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി മാണിഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ്. നമ്മൾ 30 വർഷമായി തോൽക്കുന്ന സീറ്റ് വിട്ടെന്നേയുള്ളൂ. കണ്ണൂർ ജില്ലയിൽ 2011 മുതലാണ് സീറ്റ് ലഭിച്ചത്. അതും വിജയസാദ്ധ്യതയില്ലാത്തതാണെന്നും കാനം ചൂണ്ടിക്കാട്ടി.
ചിറയിൻകീഴിലേക്ക് ഡെപ്യൂട്ടി സ്പീക്കറുടെ പേര് മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷവും നിർദ്ദേശിച്ചെങ്കിലും ജില്ലാ കൗൺസിൽ മനോജ് ഇടമനയ്ക്കാണ് ആദ്യ പരിഗണന നൽകിയിരുന്നത്. എന്നാൽ, മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷവികാരവും രണ്ട് ടേം കഴിഞ്ഞ മറ്റ് സിറ്റിംഗ് എം.എൽ.എമാർക്കുള്ള ഇളവുകളും സംസ്ഥാന കൗൺസിൽ കണക്കിലെടുത്തു.
കൂടുതൽ സീറ്റിൽ മത്സരിച്ചതുകൊണ്ട് മാത്രം വലിയ ശക്തിയാവില്ല: കാനം
കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് കൊണ്ടുമാത്രം ഒരു പാർട്ടിക്ക് ശക്തിയുണ്ടാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 13 സീറ്റ് ലഭിച്ച കേരള കോൺഗ്രസ്-എം ഇടതുമുന്നണിയിൽ പ്രബലകക്ഷിയാവുകയാണോയെന്ന ചോദ്യത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗിനെയും ഇടതുമുന്നണിയിൽ ഉൾക്കൊള്ളാൻ സി.പി.ഐ തയ്യാറാണോയെന്ന ചോദ്യത്തിന്, ഏത് കക്ഷിയെയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊടാൻ പറ്റാത്തതെന്ന് ആർക്കെങ്കിലും പറയാനാകുമോയെന്നായിരുന്നു മറുചോദ്യം.
മത്സരിക്കുമ്പോഴല്ല, ജയിച്ചുവരുമ്പോഴാണ് ഏത് പാർട്ടിയുടെയും ശക്തി മനസിലാവുക. സീറ്റുകൾ കൂടുതൽ കിട്ടിയാലും തോൽക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എം കോട്ടയം ജില്ലാ പഞ്ചായത്തിൽ 9 സീറ്റുകളിൽ മത്സരിച്ചപ്പോൾ ജയിച്ചത് നാലിടത്താണ്. എല്ലാ കക്ഷികളും ചർച്ച ചെയ്ത് അംഗീകരിച്ചതാണ് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം. തൃപ്തരല്ലെങ്കിൽ സി.പി.ഐ സമ്മതിക്കില്ലല്ലോ.
കഴിഞ്ഞ തവണ 27 സീറ്റുകളിൽ മത്സരിച്ചു. പുതിയ കക്ഷികളെത്തിയപ്പോൾ ചിലത് വിട്ടുനൽകേണ്ടി വന്നു. കാഞ്ഞിരപ്പള്ളി 30 വർഷമായി പാർട്ടി തോൽക്കുന്ന സീറ്റാണ്. ഇപ്പോഴത് കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുമാണ്. ജോസ് കെ.മാണിയോട് സി.പി.എമ്മിന് സ്നേഹക്കൂടുതലെന്ന ആക്ഷേപം ചിലർക്കുണ്ട്. ഞങ്ങളതുന്നയിക്കുന്നില്ല. ഞങ്ങളുടെ സിറ്റിംഗ് സീറ്റുകളൊന്നും മാറിയിട്ടില്ല. കഴിഞ്ഞതവണ 91 സീറ്റുകളിൽ മത്സരിച്ച സി.പി.എം ഇത്തവണ 85 ഇടത്തേ മത്സരിക്കുന്നുള്ളൂ. ജയിക്കുന്നിടത്തേ മത്സരിക്കൂവെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പിന് പ്രസക്തിയില്ല. കണ്ണൂരിൽ 2011ലാണ് സി.പി.ഐക്ക് ആദ്യമായി സീറ്റ് കിട്ടിയത്. രണ്ട് തവണയും ഇരിക്കൂറിൽ നല്ല നിലയിൽ പരാജയപ്പെട്ടു. അതാണിപ്പോൾ വിട്ടുനൽകിയത്.
കേന്ദ്ര ഏജൻസികൾ വെളിപ്പെടുത്തുന്നതിലാണ് കോൺഗ്രസും ബി.ജെ.പിയും സന്തോഷിക്കുന്നതെങ്കിൽ അതവർക്ക് കൊള്ളാം. അതിനെയൊക്കെ നേരിടാനുള്ള കെൽപ്പ് ഇടതുമുന്നണിക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ ഫലമെന്തായെന്ന് കണ്ടതാണ്. കേന്ദ്ര ഏജൻസികൾ ചെയ്യാൻ പോകുന്നതിതൊക്കെയാണെന്ന് മാസങ്ങൾക്ക് മുമ്പേ സി.പി.ഐ. പറഞ്ഞതാണ് . മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ സത്യവാങ്മൂലം നൽകിയത് തിരഞ്ഞെടുപ്പായതിനാലാവും. സ്വർണക്കടത്ത് കേസെവിടെപ്പോയി. അതിന് ചുറ്റുവട്ടത്തിലുള്ള ചില കേസുകളാണിപ്പോൾ എടുത്തിടുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായി ബന്ധപ്പെട്ട കേസ് വലുതാണെന്ന് താൻ പറഞ്ഞിട്ടില്ല. ഗുരുതര വിഷയമല്ലേയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ആണെങ്കിലന്വേഷിക്കട്ടെയെന്നാണ് പറഞ്ഞത്- കാനം വ്യക്തമാക്കി.