steephan

കാട്ടാക്കട: ഇത് കാട്ടാക്കടക്കാരുടെ സ്റ്റീഫൻ സഖാവ്.കർഷക തൊഴിലാളി കുടുംബത്തിൽനിന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലേയ്ക്ക് ഇക്കുറി കന്നിയംഗത്തിനിറങ്ങുകയാണ് സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി കൂടിയായ അഡ്വ. ജി. സ്റ്റീഫൻ. കാട്ടാക്കട നിയോജക മണ്ഡലം നിലവിൽ വന്ന കാലം മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പറഞ്ഞുകേൾക്കുന്ന പേരാണ് സ്റ്റീഫന്റേത്. എന്നാൽ, വിധിയുടെ വിളയാട്ടത്തിൽ മൂന്ന് തവണയും സ്റ്റീഫന് സീറ്റ് കയ്യിൽ നിന്ന് വഴുതിപ്പോവുകയായിരുന്നു. ഇക്കുറി അരുവിക്കര മണ്ഡലത്തിലേയ്ക്ക് സ്റ്റീഫന്റെ പേര് സി.പി.എം സംസ്ഥാന നേതൃത്വം മുന്നോട്ടു വയ്ക്കുകയായിരുന്നു.

നിൽക്കുന്ന കർമ്മ മണ്ഡലത്തിൽ തന്റേടത്തോടെയും കാര്യപ്രാപ്തിയോടെയും വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കരുത്തുണ്ട് സ്റ്റീഫന്. ഇത് തിരിച്ചറിഞ്ഞാണ് ഡിഗ്രിപഠനം കഴിഞ്ഞയുടൻ കാട്ടാക്കട ഗ്രാമ പഞ്ചായത്തിലേയ്ക്ക് മത്സരിപ്പിച്ചത്. വിജയിച്ചപ്പോൾ പാർട്ടി സ്റ്റീഫനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഈ കാലയളവിൽ കോളേജിന് സമീപത്തെ പാരീസ് തെരുവ് ഒഴിപ്പിക്കലിൽ സ്റ്റീഫൻ കാണിച്ച തന്റേടവും വിഷയങ്ങളും എതിർപ്പുകളും മറികടക്കാനുള്ള സ്റ്റീഫന്റെ ആർജ്ജവവും പാർട്ടി തിരിച്ചറിഞ്ഞു.

കർഷകത്തൊഴിലാളി കുടുംബം

കർഷകത്തൊഴിലാളി കുടുംബത്തിൽ ജോർജ്-ഭഗവതി ദമ്പതികളുടെ മകനായി കിളളി പുതുവയ്ക്കലിൽ 1969ലാണ് സ്റ്റീഫന്റെ ജനനം. നാലാം ക്ലാസ് വരെ കട്ടയ്ക്കോട് സെന്റ് ആന്റണീസ് യു.പി.എസിലും അഞ്ച് മുതൽ ഏഴ് വരെ ഉറിയാക്കോട് എൽ.എം.എസ് യു.പി സ്കൂളിലും എട്ടാം ക്ലാസിൽ പേയാട് സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലും തുടർന്ന് കുളത്തുമ്മൽ ഗവ. ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രി-ഡിഗ്രി പഠനം. അത് കഴിഞ്ഞ് ലാ അക്കാഡമി ലാ കോളേജിൽ നിന്ന് എൽ.എൽ.ബി പാസായി.

കുളത്തുമ്മൽ ഗവ. ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ചു. ബാലസംഘം ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.പി.എം കിള്ളി ബ്രാഞ്ച് സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.

അന്തിയുറങ്ങിയത് പാർട്ടി ഒാഫീസിൽ

ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജി. സ്റ്റീഫൻ പ്രീഡിഗ്രി കാലം മുതൽ അന്തിയുറങ്ങിയത് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്നു.കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട് 95-96 ൽ കേരള സർവ്വകലാശാല ജനറൽ സെക്രട്ടറിയായി. 97മുതൽ2000 വരെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും അക്കാഡമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

1995 ൽ 22-ാം വയസ്സിൽ കിള്ളി വാർഡിൽ അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചെല്ലപ്പനാശാരിയെ 297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കന്നിയങ്കത്തിൽ തോൽപിച്ച് പഞ്ചായത്ത് വികസന കാര്യ ചെയർമാനായി. തുടർന്ന് മൂന്നേകാൽ വർഷം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി. കാട്ടാക്കട പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് സ്റ്റീഫൻ. 2010 ൽ എട്ടിരുത്തി വാർഡിൽ നിന്ന് മത്സരിച്ച് 531 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് വീണ്ടും 5 വർഷം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റായി.

2015 ൽ കാട്ടാക്കട ബ്ലോക്ക് ഡിവിഷനിൽ നിന്ന് 2,294 വോട്ടിന്റെ ഭുരിപക്ഷത്തിൽ വിജയിച്ച് വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി. വിദ്യാർത്ഥി സംഘടനാ കാലഘട്ടത്തിൽ വിളനിലം സമരം, മെഡിക്കൽ സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനവും ലോക്കപ്പ് മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. സംഘടനാ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തി പൊതു സമൂഹത്തിന്റെ ഹൃദയത്തിൽ ഇടം നേടിയാണ് ജി. സ്റ്റീഫൻ അരുവിക്കരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പോരാട്ടത്തിന് ഒരുങ്ങുന്നത്. പിന്നിട്ട മത്സരങ്ങളിലെല്ലാം എതിരാളികളെ തോൽപിച്ച് മിന്നുന്ന വിജയം നേടിയ സ്റ്റീഫനിലൂടെ അരുവിക്കരയിൽ വിജയക്കൊടി പാറിപ്പിക്കുകയെന്നതാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.

ആറാം വയസിൽ അമ്മയെയും

ഒൻപതാം വയസിൽ പിതാവിനെയും നഷ്ടമായ ശേഷം പാർട്ടി തന്നെ കടുംബവും കുടുംബം തന്നെ പാർട്ടിയുമാക്കിയ സഖാവാണ് സ്റ്റീഫൻ. വരും ദിവസങ്ങളിൽ അരുവിക്കരയുടെ ഹൃദയത്തുടിപ്പായി മാറാൻ ജി. സ്റ്റീഫൻ എന്ന സാധാരണക്കാരിൽ സാധാരണക്കാരനായ പൊതുപ്രവർത്തകന് കഴിയുമെന്ന
വിശ്വാസമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്.