
തിരുവനന്തപുരം: ഇടതുമുന്നണിയിൽ ജനതാദൾ-എസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി കൈമാറിയ പട്ടിക അതേപടി അംഗീകരിക്കുകയായിരുന്നു. സിറ്റിംഗ് എം.എൽ.എമാരായ മന്ത്രി കെ. കൃഷ്ണൻകുട്ടി ചിറ്റൂരിലും മാത്യു ടി തോമസ് തിരുവല്ലയിലും വീണ്ടും ജനവിധി തേടും. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ് മാത്യു ടി തോമസ്. നാലംഗ കോർകമ്മിറ്റിയിലെ മറ്റൊരംഗവും മുൻമന്ത്രിയുമായ ഡോ.നീല ലോഹിതദാസ് നാടാരാണ് കോവളത്തെ സ്ഥാനാർത്ഥി. മുൻമന്ത്രി ജോസ് തെറ്റയിൽ അങ്കമാലിയിൽ ജനവിധി തേടും.