
അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു അനാചാരങ്ങളെ ഉടച്ചുവാർക്കാൻ ശ്രമിച്ചത് ഇരുളടഞ്ഞ ഹൃദയങ്ങളിൽ അറിവിന്റെ ദീപം കൊളുത്തിവച്ചുകൊണ്ടായിരുന്നു. തമോഗുണത്തിൽ നിന്നുണ്ടായ സാമൂഹ്യ വ്യവസ്ഥിതിയുടെ ബലിയാടുകളായ ജനലക്ഷങ്ങളെ നേരാംവഴി കാട്ടാനായിരുന്നു 1888 ൽ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്ന മഹിതസന്ദേശം എല്ലാവരിലേക്കും എത്തിക്കാനാണ് മഹാകവി കുമാരനാശാനെയും ദിവ്യശ്രീ ശിവലിംഗ സ്വാമികളെയും അദ്ധ്യാപകരാക്കിക്കൊണ്ട് അരുവിപ്പുറത്ത് സംസ്കൃത സ്കൂൾ ആരംഭിച്ചത്.
എന്നാൽ കേരളം ഇന്നും സമഗ്രമായ മനുഷ്യനന്മയെ പുൽകുന്ന ഗുരുദർശനത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മനസ് കാട്ടുന്നില്ല. ഫലമോ ഇന്ന് നാം സമൂഹത്തിൽ കാണുന്ന സമ്മർദ്ദം നിറഞ്ഞ, അസ്വസ്ഥതകൾ കൈമുതലാക്കിയ, സ്നേഹവും പരസ്പര വിശ്വാസവുമില്ലാത്ത, സ്വാർത്ഥത മാത്രം കൈമുതലാക്കിയ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഒരു തലമുറ വളർന്നു വരും.
ഇങ്ങനെയൊരു ജനതയെ സൃഷ്ടിക്കാനാണോ നാം ഇത്രയേറെ ക്ളേശങ്ങൾ സഹിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ? ഇതാരാണ് ചിന്തിക്കേണ്ടത് ? നാം ഓരോരുത്തരുമല്ലേ ? സമയം ആർക്കെങ്കിലും വേണ്ടി കാത്തുനിൽക്കുമോ ? ഇനിയെങ്കിലും നാമിത് തിരിച്ചറിയണം.
വിലമതിക്കാനാവാത്ത ഈ മനുഷ്യജന്മത്തെ അർത്ഥവത്താക്കുന്നത് ജീവിതലക്ഷ്യ ത്തെക്കുറിച്ചുളള വ്യക്തമായ കാഴ്ചപ്പാടായിരിക്കണം. ഏതെങ്കിലും മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നമ്മെ നശിപ്പിക്കാൻ ഇടം കൊടുക്കരുത്. നമ്മുടെ ഉള്ളിൽ പ്രകാശിച്ച് നിൽക്കുന്നതും വിലമതിക്കാൻ പറ്റാത്തതും ഒരിക്കലും ഉദിക്കാത്തതും അണയാത്തതുമായ നിത്യചൈതന്യം നമ്മുടെ തലമുറകളിലേക്ക് എന്ന് പകരുന്നുവോ അന്ന് മാത്രമായിരിക്കും ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഈ ധരിത്രിയെ മാറ്റാൻ സാധിക്കുക.
ഈ ചിന്താധാരയിലേക്ക് നമ്മുടെ ഹൃദയത്തെ ചേർത്തുവയ്ക്കാൻ 133-ാം ശിവപ്രതിഷ്ഠാദിനം കരുത്തേകട്ടെ എന്ന പ്രാർത്ഥനയോടെ അരുവിപ്പുറമെന്ന പുണ്യനാമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും ശ്രീനാരായണ ഋഷി തപസ് ചെയ്ത ഈ പുണ്യഭൂമി ദർശിക്കാൻ ഏവർക്കും ഇടവരട്ടെ. ഒരു ചെറിയ ദീപം തെളിക്കാൻ ലഭിക്കുന്ന അവസരം പാഴാക്കാതിരിക്കുക. ശിവരാത്രി എന്നത് മംഗളകരമായ ചൈതന്യത്തെ തിരിച്ചറിയാനുളള അവസരമായി നാം കണ്ടാൽ നമ്മുടെ ജന്മം സഫലമായി. യാന്ത്രികമായ അനുഷ്ഠാനത്തിലൂടെ ഒരിക്കലും നമ്മിലെ നമ്മെ കണ്ടെത്താൻ സാദ്ധ്യമല്ലെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. അറിവിന്റെ അനന്തവിഹായസിലേക്ക് നമുക്കും പറന്നുപോകാം.