pensioners

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാരെ ആശങ്കയിലാക്കി പെൻഷൻ വീണ്ടും മുടങ്ങി. കഴിഞ്ഞ മാസത്തെ പെൻഷൻ, ശമ്പള വിതരണത്തോടെ ഒരു വർഷത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് ബഡ്ജറ്റിൽ അനുവദിച്ചിരുന്ന തുക തീർന്നിരുന്നു. ഇതോടെയാണ് ഈ മാസത്തെ പെൻഷൻ മുടങ്ങിയത്.

അടുത്ത ഒരു വർഷത്തേക്കുള്ള തുക ഇടക്കാല ബഡ്ജറ്റിൽ വകയിരുത്തിട്ടുണ്ടെങ്കിലും അതിനുള്ള ധാരണാപത്രം സഹകരണ വകുപ്പ് രജിസ്ട്രാറും ഗതാഗതവകുപ്പ്, ധനവകുപ്പ് സെക്രട്ടറിമാരും ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇടക്കാലാശ്വാസമായി പെൻഷൻകാർക്ക് 500 രൂപ അനുവദിച്ച് സർക്കാർ അടുത്തിടെ ഉത്തരവിറക്കിയെങ്കിലും അതും വിതരണം ചെയ്തിട്ടില്ല.സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണമെങ്കിലും ആ പണവും അതിന്റെ പലിശയും ധനവകുപ്പാണ് നൽകുന്നത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം 60 കോടി രൂപയാണ് വേണ്ടത്.

കഴിഞ്ഞ നവംബറിൽ സർക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു വേണ്ടി രക്ഷാപാക്കേജ് പ്രഖ്യാപിച്ചപ്പോൾ പെൻഷൻകാരെ അവഗണിച്ചിരുന്നു. ഇതിനെതിരെ പെൻഷൻകാരുടെ സംഘടന സമരത്തിനിറങ്ങിയപ്പോഴാണ് സഹകരണസംഘങ്ങൾ വഴി പെൻഷൻ വിതരണം ചെയ്യുന്ന താത്കാലിക സംവിധാനം ഒരു വർഷത്തേക്കു കൂടി നീട്ടാൻ തീരുമാനമായത്.

പെൻഷൻകാരോട് ഉദ്യോഗസ്ഥർ അവഗണന കാണിക്കരുത്. എത്രയും വേഗം പെൻഷൻ വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കണം.

-പി.എ.മുഹമ്മദ് അഷ്‌റഫ്, ജനറൽ സെക്രട്ടറി, കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ