
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ചൂരപ്പടവിൽ പ്രവർത്തിക്കുന്ന മജീദ സ്റ്റോൺ ക്രഷറിൽ നിന്നും കരിങ്കല്ല് കടത്തുന്ന ലോറികൾ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. അനുവദിച്ചതിൽ കൂടുതൽ കരിങ്കല്ല് ദിവസവും കടത്തുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെയാണ് നാട്ടുകാർ ക്രഷറിൽ നിന്നും പ്രാപ്പൊയിൽ ചൂരപ്പടവ് റോഡിലേയ്ക്ക് പ്രവേശിച്ച വാഹനങ്ങൾ തടഞ്ഞത്. കർമ്മ സമിതിയംഗങ്ങൾ വിളിച്ചറിയിച്ചതനുസരിച്ച് പയ്യന്നൂരിൽ നിന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എത്തി വാഹനങ്ങൾക്ക് പിഴ ഈടാക്കി.
വലിയ വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ 10 ടൺ കരിങ്കല്ല് മാത്രം കടത്താൻ അനുവാദമുള്ള ടോറസിൽ 25 ടൺ കരിങ്കല്ല് കയറ്റുകയായിരുന്നു. അധികൃതർ ഇതിന് പിഴ ഈടാക്കി.
150 അടി (പത്ത് ടൺ) മാത്രമേ വാഹനത്തിൽ കൊണ്ടുപോകാവൂ എന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദ്ദേശിച്ചു. ഒരു ദിവസം പരമാവധി 15 ലോഡാണ് അനുവദിച്ചിട്ടുള്ളത്. നിയമം ഇതായിരിക്കെ അനുവദിച്ചതിലും കൂടുതൽ കരിങ്കല്ലാണ് ഇവിടെ നിന്ന് കടത്തുന്നത്.
ചൂരപ്പടവിലേയ്ക്കുള്ള ഇടുങ്ങിയതും കുത്തനെ കയറ്റമുള്ളതുമായ റോഡിൽ കൂടി കരിങ്കൽ കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾക്കോ ഇരുചക്ര-കാൽനട യാത്രക്കാർക്കോ കടന്നുപോകാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നതുമൂലം ഈ പഞ്ചായത്ത് റോഡ് പൂർണമായും തകർച്ചയിലാണെന്ന്
കർമ്മ സമിതി അംഗങ്ങളായ പി. കുഞ്ഞികൃഷ്ണൻ, പി.ഐ. ബാബു, കെ.ജെ. റിജു, കെ.ആർ. സാജേഷ്, പി. പ്രസന്നൻ എന്നിവർ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ കെ.പി. സുനിത, ഇ. സന്തോഷ് എന്നിവരും ജോസ് പൂവത്തുംമൂട്ടിൽ, സി. സുനിൽകുമാർ തുടങ്ങിയവരും നാട്ടുകാരോടൊപ്പം ഉണ്ടായിരുന്നു.