photo

നെടുമങ്ങാട് : പ്രസിദ്ധമായ നെടുമങ്ങാട് ഓട്ടം മഹോത്സവത്തിന്റെ ഭാഗമായുള്ള അമ്മൻകൊട-കുത്തിയോട്ട ചടങ്ങുകളിലാണ് അമ്മ ദൈവങ്ങൾ നഗരം ചുറ്റി അനുഗ്രഹ വർഷം ചൊരിഞ്ഞത്. കെട്ടുകാഴ്ചകളുടെയും ചമയ ഘോഷയാത്രകളുടെയും ധാരാളിത്തം കുറച്ചിട്ടും അമ്മമാരുടെ അനുഗ്രഹാശിസുകൾ സ്വീകരിക്കാൻ എത്തിയ ഭക്തജങ്ങളുടെ ഒഴുക്കിന് തെല്ലും കുറവുണ്ടായില്ല. മൂന്ന് പതിറ്റാണ്ടായി കുംഭത്തിലെ അവസാന ചൊവ്വാഴ്ച അമ്മദൈവങ്ങൾ ഒരേസമയം പുറത്തെഴുന്നള്ളത്ത് നടത്തുന്ന ശ്രീമുത്താരമ്മൻ, ശ്രീമുത്തുമാരിയമ്മൻ, ശ്രീമേലാങ്കോട് ദേവീ ക്ഷേത്രങ്ങളിലെ ദേശീയ മഹോത്സവത്തിനാണ് ഇതോടെ പരിസമാപ്തി കുറിച്ചത്. കോയിക്കൽ മഹാദേവ ക്ഷേത്രത്തിൽ സംഗമിച്ച എഴുന്നള്ളത്ത് ഘോഷയാത്രകളെ കുത്തിയോട്ട-പൂമാല നേർച്ചക്കാർ എതിരേറ്റു. അവരെ അനുഗ്രഹിച്ച് തിരികെ ക്ഷേത്രങ്ങളിൽ എത്തിയ ദേവിമാർ നേർച്ചക്കാരെ ചൂരൽ കുത്തി നിണമണിയിച്ചു. കുത്തിയോട്ട നേർച്ചക്കാർ ക്ഷേത്രങ്ങൾ വലം ദേവിയെ വണങ്ങി അനുഗ്രഹങ്ങൾ കൈക്കൊണ്ടാണ് മടങ്ങി. ഓരോ ക്ഷേത്രത്തിലെയും കുത്തിയോട്ട നേർച്ചക്കാർ മറ്റ് രണ്ട് ക്ഷേത്രങ്ങളിലുമെത്തി അനുഗ്രഹം തേടി. മേലാങ്കോട് ദേവീക്ഷേത്രത്തിൽ തന്ത്രി നീലമനയ്ക്കൽ ഗണപതിയും മേൽശാന്തി ഗോവിന്ദൻ പോറ്റിയും മുഖ്യകാർമ്മികരായി. ട്രസ്റ്റ് പ്രസിഡന്റ് ജെ. കൃഷ്ണകുമാർ, സെക്രട്ടറി ബി. പ്രവീൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് തന്ത്രി ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. ദേവസ്ഥാനം പ്രസിഡന്റ് എസ്. മുരുകൻ, സെക്രട്ടറി എ. ഹരികുമാർ, ട്രഷറർ എ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി. മുത്താരമ്മൻ ക്ഷേത്രത്തിൽ ട്രസ്റ്റ് പ്രസിഡന്റ് എം. നടരാജപിള്ളയും സെക്രട്ടറി ജി.എസ്. ഹരികുമാറും ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.