തിരുവനന്തപുരം: സംസ്ഥാനത്ത് 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗത്തിലുളള വരണ്ടകാറ്റിനും സാദ്ധ്യതയുണ്ട്. ചാറ്റൽമഴ,ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അധികം ശക്തിയില്ലാത്ത മഴ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. ചൂടിന് കാര്യമായ കുറവുണ്ടാകില്ല.അടുത്ത ഒരാഴ്ചയും വരണ്ട കാലാവസ്ഥ തുടരും.
പകൽ താപനിലയും രാത്രി താപനിലയും കൂടും. സൂര്യപ്രകാശത്തിന് തീവ്രത കൂടുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർ നേരിട്ട് ദീർഘനേരം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
ദക്ഷിണേന്ത്യയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒഴിഞ്ഞു. വിവിധ ഉയരങ്ങളിൽ കിഴക്കൻ കാറ്റ് ഗതിമാറിയതും ദുർബലമായതും ന്യൂനമർദ്ദ പാത്തികൾ ഒഴിവായതും വരണ്ട കാലാവസ്ഥയിലേക്ക് നയിക്കും. എന്നാൽ വടക്കൻ കേരളം മുതൽ കർണാടക വരെ നീളുന്ന ന്യൂനമർദ്ദപാത്തി ഇപ്പോഴും സ്ഥിതിചെയ്യുന്നു. ഇത് വടക്കൻ കേരളത്തിലെ കിഴക്കൻ മലയോര മേഖലകളിൽ അടുത്തയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് കാരണമായേക്കും. കേരളത്തിൽ പകൽ, രാത്രി താപനിലയിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
രാത്രികാല താപനില
കൂടിയ താപനില പാലക്കാട്ട്- 26 ഡിഗ്രി കടന്നു
കൊച്ചി- 24.6
കോഴിക്കോട്- 24.5
ആലപ്പുഴ- 24.8
തിരുവനന്തപുരം- 24.7
കണ്ണൂർ- 23.7
പകൽ
കൂടിയ താപനില കോട്ടയത്ത്- 36 ഡിഗ്രി കടന്നു
കണ്ണൂർ- 34.2
കോഴിക്കോട്- 33.4
കരിപ്പൂർ- 33
വെള്ളാനിക്കര- 34.7
കൊച്ചി- 33.4
ആലപ്പുഴ- 35.5
പുനലൂർ-35.6
പാലക്കാട്- 32.4
തിരുവനന്തപുരം- 33.6
ചൂടിനു കാരണം?
ഭൂമദ്ധ്യരേഖയിലെ കിഴക്കൻ ഭാഗത്ത് ഉണ്ടാകുന്ന സാമാന്യം ഭേദപ്പെട്ട എൽനിനോ പ്രതിഭാസമാണ് ഇത്തവണ വേനലിന് ചൂട് കൂടാനിടയാക്കുന്നത്. കിഴക്കൻ ശാന്ത സമുദ്രത്തിലുണ്ടാകുന്ന അന്തരീക്ഷ താപനിലയിലെ വർദ്ധനയാണ് എൽനിനോ.