gold-smuggling-case

തിരുവനന്തപുരം: സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്ന മൊഴിയുമായി മറ്റൊരു വനിതാ പൊലീസുകാരികൂടി രംഗത്തെത്തി.കഴിഞ്ഞ ദിവസം വനിതാകോൺസ്റ്റബിൾ സിജി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് റെജിമോൾ എന്ന പൊലീസുകാരിയും സമാനമായ മൊഴിയുമായി രംഗത്തുവന്നത്. രണ്ടുപേരും സ്വപ്ന സുരേഷിന്റെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെയാണ് മൊഴി നൽകിയത്.മുഖ്യമന്ത്രി, സ്പീക്കർ, മൂന്ന് മന്ത്രിമാർ എന്നിവർക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് ഇ.ഡിക്കെതിരെ വനിതാ പൊലീസിന്റെ മൊഴികൾ പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നൽകിയെന്നാണ് സിവിൽ പൊലീസ് ഓഫീസർ റെജിമോളുടെ മൊഴി.

ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകിയും സ്വപ്നയെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ വലിയ സമ്മർദ്ദം ഇ.ഡി ഉദ്യോഗസ്ഥർ ചെലുത്തി. ലോക്കറിലെ പണം ശിവശങ്കർ നൽകിയതാണെന്നും ശിവശങ്കറിന് ഈ പണം നൽകിയത് മുഖ്യമന്ത്രിയാണെന്നും പറയാൻ ഇ.ഡി ഡിവൈ.എസ് പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടുവെന്നാണ് റെജിമോൾ മൊഴി നൽകിയത്.