political-cartoon

 ചർച്ചകൾ തുടർന്ന് യു.ഡി.എഫും എൻ.ഡി.എയും

തിരുവനന്തപുരം: സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികളെയും ഇറക്കി ഇടതുമുന്നണി പോർക്കളത്തിലേക്ക്. ചില മണ്ഡലങ്ങളിലുയർന്ന അതൃപ്തിയുടെ അപസ്വരങ്ങൾ തള്ളി, തങ്ങൾ മത്സരിക്കുന്ന 85 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളിൽ ഭൂരിപക്ഷം പേരെയും സി.പി.എം ഇന്നു പ്രഖ്യാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന് ആദ്യ മണിമുഴക്കി, 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സി.പി.ഐ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജനതാദൾ എസ് മത്സരിക്കുന്ന നാലു സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നൽകിയിട്ടുണ്ട്. സി.പി.ഐയുടെ ശേഷിക്കുന്ന നാലു സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇടതുമുന്നണി ഇതോടെ ഒരു ചുവട് മുന്നിലെത്തി.

കോൺഗ്രസിൽ പതിവുപോലെ സ്ഥാനാർത്ഥി ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഓരോ മണ്ഡലത്തിലേക്കും അഞ്ചും ആറും പേരുകളടങ്ങിയ പാനൽ വെട്ടിച്ചുരുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. മുസ്ലിംലീഗ്, കേരള കോൺഗ്രസ്- ജോസഫ് വിഭാഗങ്ങളുമായി അവശേഷിക്കുന്ന സീറ്റ് വിഭജനം ഇതിനിടയിൽ ടെലിഫോൺ ചർച്ചകളിലൂടെ തീർക്കണം. നാളെയോ 12നോ സ്ഥാനാർത്ഥികളെ എങ്ങനെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.

ബി.ജെ.പി സ്ഥാനാർത്ഥികളെ 12 ന് പ്രഖ്യാപിക്കും. 11ന് നിർണായക കോർ കമ്മിറ്റി യോഗം ചേരും. എൻ.ഡി.എയിൽ 30 സീറ്റുകൾ അനുവദിച്ചു കിട്ടിയ ബി.ഡി.ജെ.എസ് ആദ്യഘട്ടത്തിൽ ആറു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 92 സീറ്റിൽ മത്സരിച്ച സി.പി.എം, ഏഴു സീറ്റുകൾ പുതിയ ഘടകകക്ഷികൾക്ക് വിട്ടുനൽകിയാണ് 85 സീറ്റിലേക്ക് ഒതുങ്ങിയത്. നേരത്തേ 27 സീറ്റിൽ മത്സരിച്ച സി.പി.ഐയ്ക്ക് 25 കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

പുതുതായെത്തിയ കേരള കോൺഗ്രസ്- എമ്മിന് 13 സീറ്റുകൾ നൽകിയപ്പോൾ, യു.ഡി.എഫിൽ നിന്ന് തിരികെവന്ന ലോക് താന്ത്രിക് ജനതാദളിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ സി.പി.എമ്മും ജനതാദൾ- എസും ചേർന്ന് വിട്ടുനൽകി. അഞ്ചിടത്ത് കഴിഞ്ഞ തവണ മത്സരിച്ച ജെ.ഡി.എസ് നാലിലേക്കും, നാലിടത്തു മത്സരിച്ച ഐ.എൻ.എൽ മൂന്നിലേക്കും, ജനാധിപത്യ കേരള കോൺഗ്രസ് നാലിൽ നിന്ന് ഒന്നിലേക്കും ചുരുങ്ങി. കേരള കോൺഗ്രസ്- ബി, കോൺഗ്രസ്- എസ്, പുറത്തുനിന്ന് സഹകരിക്കുന്ന ആർ.എസ്.പി- ലെനിനിസ്റ്റ് കക്ഷികൾ ഓരോ സീറ്റിൽ മത്സരിക്കും. കടുത്തുരുത്തിയിൽ കഴിഞ്ഞ തവണ മത്സരിച്ച കേരള കോൺഗ്രസ്- സ്കറിയാ തോമസ് വിഭാഗത്തിന് ഇക്കുറി സീറ്റില്ല.

പരസ്യ പ്രതിഷേധം

തള്ളി സി.പി.എം

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായ സ്ഥാനാർത്ഥിക്കെതിരെ പൊന്നാനിയിലും, കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകിയതിന് എതിരെ കുറ്റ്യാടിയിലുമുണ്ടായ പരസ്യ പ്രതിഷേധങ്ങളെ പാർട്ടി തള്ളും. പൊന്നാനിയിൽ പി. നന്ദകുമാറിനെത്തന്നെ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം പച്ചക്കൊടി കാട്ടി. കേന്ദ്ര കമ്മിറ്റി ക്ഷണിതാവു കൂടിയായ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.പരസ്യപ്രകടനത്തിൽ അന്വേഷണം നടന്നേക്കും. മഞ്ചേശ്വരത്ത് ജയാനന്ദയുടെ പേരും മാറാനിടയില്ല.

മത്സരിക്കുന്ന മൂന്നിടത്തേക്കുള്ള സ്ഥാനാർത്ഥികളെ എൻ.സി.പി നിശ്ചയിച്ചിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദളും കേരള കോൺഗ്രസ്-എമ്മും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. യു.ഡി.എഫിൽ കേരള കോൺഗ്രസ്- ജോസഫിന് അനുവദിച്ച 9 സീറ്റുകൾക്കു പുറമേ പത്താമത്തേതായി കാഞ്ഞങ്ങാട് നൽകിയേക്കും. മുസ്ലിംലീഗിന് 24നു പുറമേ കൂത്തുപറമ്പും പേരാമ്പ്രയും നൽകാൻ ധാരണയായി. പട്ടാമ്പിക്ക് പകരമൊരു സീറ്റ് കൂടി നൽകാൻ ഇന്നോ നാളെയോ ധാരണയാവും.