തിരുവനന്തപുരം:വേനൽക്കാലമായതോടെ കോർപ്പറേഷൻ കുടിവെള്ള ടാങ്കർ നിരക്ക് കുത്തനെ കൂട്ടി. 30 കിലോമീറ്ററിൽ കൂടുതൽ ദൂരത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിന് അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 മുതൽ 30 രൂപവരെയാണ് വർദ്ധിപ്പിച്ചത്.ഇന്ധനവില വർദ്ധിച്ചതുകാരണം നിരക്ക് വർദ്ധിപ്പിക്കണമെന്ന് ടാങ്കർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാല് ടാങ്കർ ഉടമകൾ പഴയ നിരക്കിൽ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത നഗരസഭയെ അറിയിച്ചു.

അയ്യായിരം ലിറ്റർ ടാങ്കറിന് ഓരോ കിലോമീറ്ററിനും 20 രൂപയും പതിനായിരം ലിറ്റർ ടാങ്കറിന് 25 രൂപയും മറ്റ് ടാങ്കറുകൾക്ക് 30 രൂപയുമാണ് വർദ്ധിപ്പിച്ചത്. സ്മാർട്ട് ട്രിവാൻ‌ഡ്രം എന്ന അപ് വഴി ബുക്ക് ചെയ്യുമ്പോൾ പഴയ നിരക്കാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അധിക നിരക്ക് ടാങ്കർ ഉടമകളെ നേരിട്ട് ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. ഇത് വ്യാപകമായ തട്ടിപ്പിന് ഇടയാക്കുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്.

30 കിലോമീറ്റർ വരെയുള്ള നിരക്ക് ഇങ്ങനെ

5000 ലിറ്റർ ടാങ്കർ- 1755 രൂപ

10,000 ലിറ്റർ ടാങ്കർ- 2400 രൂപ

18,000 ലിറ്റർ ടാങ്കർ- 3280 രൂപ

20,000 ലിറ്റർ ടാങ്കർ- 3400 രൂപ