
തൃപ്പൂണിത്തുറ : മാരക മയക്കുമരുന്നായ നൈട്രോസെപാം ഗുളികകളുമായി ഗുണ്ടാ നേതാവ് എക്സൈസിന്റെ പിടിയിൽ. പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൃപ്പൂണിത്തുറ കോടംകുളങ്ങര മൺപുരക്കൽ ടിനു സണ്ണിയെയാണ് (34) തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അക്രമാസക്തരാകുന്ന മനോരോഗികളെ മയക്കി കിടത്താൻ ഉപയോഗിക്കുന്നതാണ് നൈട്രോസെപാം. വ്യാജമായി ഡോക്ടറിടെ കുറിപ്പടികൾ എഴുതിയാണ് ഇയാൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ഗുളികകൾ വാങ്ങി 25 ഇരട്ടി വിലയ്ക്ക് വിറ്റിരുന്നത്.
ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിയിൽ എത്തിച്ച് ഒരു ദിവസം വരെ നീണ്ടു നിൽക്കും. 20 ഗ്രാമിനു മുകളിൽ ഈ മയക്കുമരുന്ന് കൈവശം വെക്കുന്നത് 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം പിഴയും ഈടാക്കുന്ന കുറ്റമാണ്.. വാട്സാപ്,ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി വില്പന നടത്തുന്ന ഇയാളിൽ നിന്ന് 26 ഗ്രാം നൈട്രോസെപാമാണ് പിടിച്ചെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള ഇയാൾ കാപ്പ നിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മാനുവൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിഷ്, വിനീത് ശശി, അജയകുമാർ, കനക എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.