തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാ ദിവസങ്ങളിൽ ആൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ പിന്മാറി. ചാമ്പ്യൻഷിപ്പ് ഏപ്രിലിലേക്ക് മാറ്റി.
വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ കെ.എഫ്.എ നിലപാടിനെപ്പറ്റി തിങ്കളാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടപടി.
നിരവധി കുട്ടികളുടെ അവസരം നിക്ഷേധിക്കുന്ന കെ.എഫ്.എ നിലപാടിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ മാസം 22 മുതൽ 27 യാണ്ചാമ്പ്യൻഷിപ്പ് തീരുമാനിച്ചിരുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷനുകൾക്ക് അറിയിപ്പും നൽകി. ഇത് പത്താം ക്ലാസ് വിദ്യാർത്ഥികളായ കായികതാരങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാക്കുമായിരുന്നു. ചാമ്പ്യൻഷിപ്പ് ദിവസങ്ങളിൽ പത്താം ക്ലാസിന് നാല് പരീക്ഷകളാണുള്ളത്.
സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെയും തിരഞ്ഞെടുക്കാൻ കൊവിഡിന്റെ സാഹചര്യത്തിൽ സാധിച്ചിരുന്നുമില്ല. സെലക്‌ഷൻ ട്രയൽസ് നടത്താതെ ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനാവില്ലെന്നും ആരോപണം ഉയർന്നു.
വിജയികൾക്ക് ഗ്രേസ് മാർക്കിനും അർഹതയുള്ളതിനാൽ ഏപ്രിലിലേക്ക് മത്സരം മാറ്റുന്നത് വിദ്യാർത്ഥികൾക്കും ഗുണം ചെയ്യും. ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്‌ഷൻ ട്രയൽസും ക്യാമ്പും നടത്തുന്നതിനുള്ള സാവകാശവും ലഭിക്കും. ഏപ്രിലിൽ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനെ രക്ഷിതാക്കളും കുട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്.