മണ്ണുത്തി: ഗോൾഡ് ലോൺ, ലക്ഷങ്ങൾ ഡെപ്പോസിറ്റ് സ്വീകരിച്ച് പണമിടപാട് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തി വിശ്വാസ വഞ്ചന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. എറണാംകുളം കടുങ്ങല്ലുർ സ്വദേശി ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (48) ആണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്.
മണ്ണുത്തിയിൽ പ്രവർത്തിച്ചിരുന്ന ഒല്ലുക്കര ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ മാനേജിംഗ് ഡയറക്ടർ ആയിരുന്നു പ്രതി. മണ്ണുത്തി നെട്ടിശ്ശേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ജയ്‌സ് എന്നയാളുടെ 16 ലക്ഷം രുപ നിക്ഷേപമായി സ്വീകരിച്ച് പിന്നീട് തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
മണ്ണുത്തിയിലെ ഇയാളുടെ പണമിടപാട് സ്ഥാപനം പൊലീസ് പരിശോധനയെ തുടർന്ന് സീൽ ചെയ്ത് പൂട്ടി. സമാനരീതിയിൽ തൃശുർ ജില്ലയിൽ പട്ടിക്കാടും, എറണാകുളം ജില്ലയിൽ നിരവധി സ്ഥലങ്ങളിലും ഇയാൾ പണമിടപാട് സ്ഥാപനങ്ങൾ നടത്തിവന്നിരുന്നു.
അങ്കമാലിയിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് പണമിടപാട് കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
മണ്ണുത്തി പൊലീസ് സി.ഐ: പി. അജിത്കുമാർ, എസ്.ഐ: കെ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.