eee

ജലമൊഴിയുന്ന പുഴയുടെ

രോദനം കേൾക്കെ..

നിറവാർന്ന കാലത്തിൻ

ചുടലകൾ തീർക്കെ...

നീരാടും നിലാവിന്റെ

മർമ്മരം നിൽക്കെ..

ഉയരുന്നു.. സഹ്യന്റെ

മകളാം... അതിരപ്പിള്ളി

തൻ... അന്തരാത്മാവിൽ

പടഹധ്വനി.

നെഞ്ചിൽ നെരിപ്പോടിൽ

തീരാഗ്നി..

മലമുകളിൽ കിളികളാർത്തു

ചിരിച്ചുതുള്ളി

നിബിഡവന വസന്തരാവിൽ

യൗവ്വനം ചേല ചുറ്റുന്നോർമ്മയിൽ

കുളിരുകൾ പുണരുന്ന

പ്രഭാതങ്ങൾ..

ഉന്മാദമേകും സായം

സന്ധ്യകൾ

മുളങ്കാടു മൂളും മുരളീ..

രവത്തിലെ ഗീതങ്ങൾ

കർണ്ണ ഹരങ്ങൾ

ആഴത്തിൽ തെളിയുന്ന

അഭ്രപാളി

നിറസാന്നിദ്ധ്യം

നേത്ര ലിഖിതങ്ങൾ

ഇഴ ചേർന്ന സ്നേഹതുടിപ്പുകൾ

പരിണയ

പരമോന്നതത്തിൻ ലയത്തിൽ..

മുകിലുകൾ

മഴയായി പടരുന്ന

പലവട്ട ഒരുമയിൽ

ഘനമായി ചിതറുന്ന

തുള്ളികൾ

അമൃതായ് ആനന്ദലഹരിയായ്

മാറുന്ന ഗാംഭീര്യ ചിരി

മായുന്നൂവോ?

അലയായി ഒഴുകുന്ന ആരവത്തിൽ

പിന്നെ പഥികയായ്

താഴുന്ന വേളകളിൽ

നീർച്ചാലുകൾ നിറയാതെ

ഒഴുകാതെ അസ്ഥികൾ

തെളിയുന്നു നെഞ്ചകത്തിൽ

യൗവ്വനയുക്തയാം ചേലുള്ള

ആതിരേ..

നിന്റെ യൗവനം എൻ

മനസിലെന്നും നിറയുന്ന

മധുരമൂറുന്ന പ്രണയകാലം

നിറയുന്ന നീരല്ലേ നിന്റെ ഭംഗി

പ്രകൃതി കനിയുന്ന ദയവല്ലേ നിന്റെ മേനീ

തെളിവാർന്ന ആകാശ

നീലിമയിൽ

പറവകൾ നിറയുന്ന‌

ദൂരങ്ങളിൽ

മലഞ്ചെരിവുനുച്ചത്തിൽ

കണികയായ് കാണുന്ന

അതിരവൻ കനലാകും നേരം

ഒരുവേള നിറയുവാൻ

വെമ്പുന്നതും

ഒരുതുള്ളിയില്ലാതെ

പുകയുന്നതും

ആരോ വിലപിച്ചു

പോകുന്നു

ഒാർമ്മകൾ ആയി‌

മറയുന്നു

വരദാനം ഇൗശ്വരൻ

നൽകിയ കാലത്തിൽ

ചേതോഹരങ്ങളാം

പൂർവ്വജന്മം.