
ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിൽ. നാമക്കൽ, തിരിച്ചങ്കോട്, കാമരാജ് നഗർ എസ്.വെങ്കിടേഷ് (42), നാമക്കൽ തിരിച്ചങ്കോട്, കുമരപാളയം സ്വദേശി എസ്.ഗോകുൽനാഥ് (29) എന്നിവരെയാണ് കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഇൗ മാസം മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാറിൽ സ്ഫോടക വസ്തുക്കുളുമായി കല്ലേക്കാട് സ്വദേശി എം.ഷേക് ഇമാമുദീനെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഈ വാഹനം കൈമാറി വാങ്ങാനെത്തിയ കല്ലേക്കാട് സ്വദേശി എസ്.ശരവണനെയും അന്നു രാത്രിതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സ്ഫോടക വസ്തുക്കൾ നൽകുന്ന തമിഴ്നാട് സ്വദേശി വടിവേലുവിനെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ സി.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ജെ.രാജേഷ്, എ.എസ്.ഐമാരായ എസ്.സുജികുമാർ, പി.എ.റഹ്മാൻ, സി.പി.ഒ ആർ.ഗുരുവായൂരപ്പൻ എന്നിവരാണ് കേസന്വേഷിച്ചത്. കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.