arrest

കോവളം:മയക്കുമരുന്ന് കടത്തിയതിന് മിനിക്കോയ് ദ്വീപിനു സമീപത്ത് നിന്ന് തീരസംരക്ഷണ സേന പിടിച്ചെടുത്ത അകർഷദുവ എന്ന ശ്രീലങ്കൻ ബോട്ടിലെ ആറു ജീവനക്കാരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്തശേഷം നാർക്കോട്ടിക് കൺട്രോൾ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതികളെ ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയത്. ഈ ബോട്ടിനൊപ്പം പിടികൂടി വിഴിഞ്ഞത്തെത്തിച്ച മറ്റു രണ്ട് ശ്രീലങ്കൻ ബോട്ടുകളെയും അതിലെ 13 ജീവനക്കാരെയും ഇന്നലെ മോചിപ്പിച്ചു. മയക്കുമരുന്ന് കടത്തിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് വിട്ടയച്ചത്. ഉൾക്കടലിൽ നിന്ന് ഇവരെ പിടികൂടിയ കോസ്റ്റ് ഗാർഡിന്റെ വരാഹ എന്ന പട്രോൾ ബോട്ടിന്റെ അകമ്പടിയോടെയാണ് ബോട്ടുകളും ജീവനക്കാരും മടങ്ങിയത്. ഇന്ത്യൻ അതിർത്തിയിലെത്തിച്ച് ശ്രീലങ്കൻ അധികൃതർക്ക് ഇവരെ കൈമാറുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്തിയ അകർഷദുവ ബോട്ട് വിഴിഞ്ഞം തുറമുഖത്ത് പൊലീസ് കാവലിൽ തുടരും. പാക് ബോട്ട് കൈമാറിയ 200 കിലോ മയക്കു മരുന്നും സാറ്റലൈറ്റ് ഫോണും പിടിയിലാവുമെന്ന് ഉറപ്പായതോടെ കടലിൽ ഉപേക്ഷിച്ചെങ്കിലും തെളിവുകൾ ലഭിച്ചതോടെയാണ് ശ്രീലങ്കൻ ബോട്ട് കസ്റ്റഡിയിലെടുത്തത്.