
പെരിന്തൽമണ്ണ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയുടെ പട്രോളിംഗിനിടെ അങ്ങാടിപ്പുറം ഓരാടൻപാലത്ത് ചെരക്കാപറമ്പ് റോഡിൽ വച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. പ്രതി പുഴക്കാട്ടിരി കടുങ്ങപുരം ചെമ്പൻ വീട്ടിൽ സുബൈറിനെ (40) അറസ്റ്റ് ചെയ്തു. ഇയാൾ രണ്ടാഴ്ചയോളമായി എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ചില്ലറ വിൽപ്പനയ്ക്കായി അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുമ്പോഴാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്തതിൽ പേരറിയാത്ത ഒരാളിൽ നിന്നും കിലോയ്ക്ക് 25,000/ രൂപയ്ക്ക് വാങ്ങിയതാണെന്നാണ് പറയുന്നത്. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് 300 രൂപയുടെയും 500 രൂപയുടെയും ചെറു പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. ഇലക്ഷനോടനുബന്ധിച്ച് മുൻകാല കഞ്ചാവ് പ്രതികളെ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് പ്രതി വലയിലായത്. ഇയാളെ
പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മഞ്ചേരി സ്പെഷ്യൽ ജയിലിൽ റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൾ സലീം, പ്രിവന്റീവ് ഓഫീസർ വി.കുഞ്ഞിമുഹമ്മദ്, കെ.എം.ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി.ലെനിൻ, വി.കെ.ഷരീഫ്, കെ.അബിൻ രാജ്, ബി.വിനോദ് എന്നിവർ പങ്കെടുത്തു.