
കൊടകര: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കൊട്ടരക്കര സ്വദേശി എയർഫോഴ്‌സ് അരുൺ എന്നറിയപ്പെടുന്ന തമിഴ്‌നാട് താംബരത്ത് താമസക്കാരനായ അരുൺ ചന്ദ്രപ്പിള്ള (34) ആണ് അറസ്റ്റിലായത്. കർണാടക ഹൊസൂരിലെ ഒളിവ് സങ്കേതത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി നിന്നായി 150 ലധികം പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ട്. കേരളത്തിൽ കളമശ്ശേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി, പണം തട്ടിയെടുത്ത് കർണാടകയിലെ ഹൊസൂരിൽ കുടംബസമ്മേതം ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.
ഹൊസൂരിലും മറ്റ് തട്ടിപ്പുകൾ നടത്താൻ ശ്രമിച്ച് വരുന്നതിനിടയിലാണ് പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി, കൊല്ലം, പാലക്കാട്, കൊരട്ടി, ആലുവ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതിയുണ്ട്. പ്രതി മുമ്പ് താംബരത്ത് എയർ ഫോഴസിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തപ്പോൾ ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്തി കിട്ടിയ പണം കൊണ്ട് മുന്തിയതരം കാറുകളും വില കൂടിയ മൊബൽ ഫോണും പ്രതി വാങ്ങിയിരുന്നു. കൊടകര സ്റ്റേഷൻ ഹൗസ് ഓഫീസർ: ബേസിൽ തോമസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘത്തിൽ സബ് ഇൻസ്‌പെകടർ ജയ്‌സൺ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, സി.ഒ. തോമസ്, സീനീയർ സിവിൽ പൊലീസ് ഓഫീസർ, സി.എ. ഷാജു എന്നിവുരുണ്ടായിരുന്നു. എയർഫോഴ്‌സിലെ ജിപ്‌സി വാഹനം കൊടുക്കാമെന്നു പറഞ്ഞും പ്രതി പണം തട്ടിയിട്ടുണ്ട്.
പാങ്ങോട് പട്ടാള ക്യാമ്പിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പ്രതിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ടായിരുന്നു. കൊടകര സ്റ്റേഷനിലെ കേസിൽ പണം തട്ടാൻ സഹായിച്ചതിന് അരുണിന്റെ കാമുകിയുടെ അമ്മയായ കൊടകര പന്തല്ലൂർ കടവിൽ രാധാകൃഷണന്റെ ഭാര്യ അനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.