
25 നിയമസഭാ മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.ഇതിൽ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
നെടുമങ്ങാട്: അഡ്വ. ജി.ആർ.അനിൽ
വയസ് 58. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവും. നിയമസഭയിലേക്ക് ആദ്യമത്സരം. ഔഷധി ഡയറക്ടർ ബോർഡ് അംഗം.പൊളിറ്റിക്സിൽ ബിരുദവും നിയമ ബിരുദവും. നഗരസഭാ കൗൺസിലറായിരുന്നു. ഭാര്യ മുൻ എം.എൽ.എയും വർക്കല എസ്.എൻ. കോളേജ് ചരിത്ര വിഭാഗം മുൻ മേധാവിയുമായ ഡോ. ആർ. ലതാദേവി. മകൾ: അഡ്വ. എ.എൽ. ദേവിക.
ചിറയിൻകീഴ് : വി.ശശി
വയസ് 70. നിയമസഭയിലേക്ക് മൂന്നാം അങ്കം.നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. ഹാൻടെക്സ്, ഹാൻഡ്വീവ് എം.ഡി , നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ബോർഡ്മെമ്പർ, ഇ.കെ.നായനാർ മന്ത്രിസഭയിൽ മന്ത്രി പി.കെ.രാഘവന്റെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാനായും ,തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ എസ് .സുമ (റിട്ട.അദ്ധ്യാപിക), രേഷ്മ രാകേഷ് എന്നിവർ മക്കൾ.
വൈക്കം: സി.കെ. ആശ
വയസ് 45.സിറ്റിംഗ് എം.എൽ.എ .പരുത്തുമുടി കണാകേരിൽ കെ. ചെല്ലപ്പന്റേയും വിബി ഭാസുരാംഗിയുടേയും മകളാണ് .സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരളമഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.ജലഗതാഗത വകുപ്പ് ജീവനക്കാരൻ കെ.ആർ. രാജേഷാണ് ഭർത്താവ്. മക്കൾ കിരൺരാജ്, കീർത്തിനന്ദ .
കരുനാഗപ്പള്ളി: ആർ. രാമചന്ദ്രൻ 
വയസ് 63. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി. രണ്ടാം മത്സരം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം. കരുനാഗപ്പള്ളി അർബൻ ബാങ്ക് പ്രസിഡന്റ്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സി.പി.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സി. അംഗം, എൽ.ഡി.എഫ് ജില്ലാ കൺവീനർ, സിഡ്കോ ചെയർമാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എം.എം.എൽ, ഐ.ആർ.ഇ സ്ഥാപനങ്ങളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ പ്രസിഡന്റാണ്. ഭാര്യ: ദേവസ്വം ബോർഡ് അസി. കമ്മിഷണറായി വിരമിച്ച സി.പി.പ്രിയദർശിനി. മകൾ: ദീപ ചന്ദ്രൻ.
പുനലൂർ : പി.എസ്.സുപാൽ 
വയസ് 51. മുൻ സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസന്റെ മകൻ. സി.പി.ഐ കൊല്ലം അസി. സെക്രട്ടറി, കിസാൻ സഭ ജില്ലാ പ്രസിഡന്റ്. നിയമസഭയിലേക്ക് മൂന്നാമത്തെ മത്സരം. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, 96ലും 2001 ലും പുനലൂരിലെ എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ പി.എൻ റീന. മക്കൾ ദേവി നിലീന, ദേവി നിരഞ്ജന.
അടൂർ: ചിറ്റയം ഗോപകുമാർ
വയസ് 56.തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുന്നു. കൊല്ലം ജില്ലയിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ ടി. ഗോപാലകൃഷ്ണന്റെയും ടി.കെ ദേവയാനിയും മകൻ. സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എ.ഐ.ടി.യു സി.സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം.ഭാര്യ. സി. ഷെർളി ബായി .മക്കൾ എസ്.ജി അമൃത , എസ്.ജി അനുജ .
കൊടുങ്ങല്ലൂർ: വി.ആർ സുനിൽ കുമാർ
വയസ് 51.സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.കെ. രാജന്റെ മകനാണ്. കൊടുങ്ങല്ലൂരിൽ കന്നിയങ്കത്തിൽ വിജയം. സെക്രട്ടേറിയേറ്റിൽ നിയമവകുപ്പിൽ ജീവനക്കാരനായിരുന്ന സുനിൽ കുമാർ ജോലി രാജിവച്ചാണ് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയത്. എ.ഐ.വൈ.എഫിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗമാണ്. സതിയാണ് അമ്മ. ഭാര്യ ശ്രിഭ. മക്കൾസാൽവഡോർ, സാൽവിയോ.
ചേർത്തല: പി. പ്രസാദ്
നൂറനാട്   ജി.പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകൻ.സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. 2011ൽ മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഒട്ടേറെ പരിസ്ഥിതി സമരങ്ങൾക്ക് നേതൃത്വം നൽകി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരത്തിന് ആരംഭം കുറിച്ചത് സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ്. ലൈനയാണ് ഭാര്യ. മക്കൾ -ഭഗത്, അരുണ അൽമിത്ര .
പട്ടാമ്പി: മുഹമ്മദ് മുഹസിൻ
വയസ് 34.സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം. നിലവിൽ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി. പട്ടാമ്പിയിൽ ഇത് രണ്ടാം ഊഴം.  ജെ.എൻ.യു പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായിരുന്നു.  യു.പി സ്വദേശി ഷഫക്ക് കാസിമാണ് ഭാര്യ.
പീരുമേട്: വാഴൂർ സോമൻ
വയസ് 69.സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് അംഗം. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്. നിയമസഭയിലേക്ക് ആദ്യ മത്സരം. കേരള വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ.ഭാര്യ ബിന്ദു. മക്കൾ: അഡ്വ. സോബിൻ സോമൻ, സോബിത് സോമൻ.
മൂവാറ്റുപുഴ: എൽദോ എബ്രഹാം
വയസ്  45. മൂവാറ്റുപുഴയിലെ സിറ്റിംഗ് എം.എൽ.എ.തൃക്കളത്തൂർ മേപ്പുറത്ത് വീട്ടിൽ എം.പി. എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകൻ.ഭാര്യ ആഗി മേരി അഗസ്റ്റിൻ.എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം.
കയ്പ്പമംഗലം: ഇ.ടി ടൈസൺ
കയ്പ്പമംഗലത്ത് കന്നിയങ്കത്തിൽ തന്നെ വിജയം. സി.പി.ഐ തൃശൂർ ജില്ലാക്കമ്മിറ്റിയംഗം, സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അദ്ധ്യാപകനായിരിക്കെ വി.ആർ.എസ് എടുത്താണ് കഴിഞ്ഞ തവണ മത്സരരംഗത്തേക്ക് കടന്നു വന്നത്. പിതാവ് ഇ.സി തോമസ്. മാതാവ് അനസ്തേഷ്യ തോമസ്. സുനിതയാണ് ഭാര്യ. മക്കൾ അജിൻ തോമസ്, ആഷിൻ.
ഒല്ലൂർ: അഡ്വ.കെ. രാജൻ
47 വയസ്.ഒല്ലൂർ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണ. നിയമബിരുദധാരി . ആദ്യ അങ്കത്തിൽ തന്നെ എം.എൽ.എ. എ.ഐ.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.വൈ.എഫിന്റെ അഖിലേന്ത്യ സെക്രട്ടറിയുമാണ്. ചീഫ് വിപ്പാണ്. അന്തിക്കാട് സ്വദേശിയായ രാജൻ കേരളത്തിലെ നിരവധി സമരങ്ങളുടെ നേതൃനിരയിൽ ഉണ്ടായിരുന്നു. പിതാവ് കെ.കൃഷ്ണൻകുട്ടി, അമ്മ പി. രമണി. ഭാര്യ. എൻ. അനുപമ.
മണ്ണാർക്കാട് : കെ.പി.സുരേഷ് രാജ് 
വയസ് 52.സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമാണ്. നിയമസഭയിലേക്ക് മൂന്നാം മത്സരം. പട്ടാമ്പിയിലും (2011) മണ്ണാർക്കാട്ടും (2016) സ്ഥാനാർത്ഥിയായിരുന്നു. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് , ജനയുഗം ഡയറക്ടർ ബോർഡ് എന്നിവയിൽ അംഗമാണ്. ശ്രീകൃഷ്ണപുരം, കരിമ്പുഴയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് യു.മാധവന്റെ മകനാണ്. ഭാര്യ: അജിതകുമാരി ,മക്കൾ അഭിജിത് എസ്.രാജ്, ഇന്ദ്രജിത് എസ്.രാജ്.
ചാത്തന്നൂർ: ജി.എസ്. ജയലാൽ
വയസ് 49. ചാത്തന്നൂർ ചിറക്കര സ്വദേശി. മുൻ സി.പി.ഐ നേതാവ് എസ്. ഗോപാലകൃഷ്ണന്റെ മകൻ. മൂന്നാം മത്സരം. പത്തുവർഷമായി ചാത്തന്നൂർ എം.എൽ.എ. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ കമ്മിറ്റിയംഗം, ചാത്തന്നൂർ സഹ. സ്പിന്നിംഗ് മിൽ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ്, കശുഅണ്ടി തൊഴിലാളി കൗൺസിൽ വൈസ് പ്രസിഡന്റ്, ഓട്ടോ -മോട്ടോർ തൊഴിലാളി യൂണിയൻ റീജിയണൽ പ്രസിഡന്റ് പദവികൾ വഹിച്ചു.ജെ.ഡി.സി പഠനത്തിന് ശേഷം പൊതുരംഗത്ത് സജീവമായി. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ആർ.എസ്. പ്രീത. മക്കൾ: ആർദ്ര.പി. ലാൽ, ജെ.പി. അദ്വൈത് കൃഷ്ണ.
തിരൂരങ്ങാടി:  അജിത് കൊളാടി
വയസ് 60 .പൊന്നാനി സ്വദേശി. സി.പി.ഐ ജില്ലാ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി. അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനാണ്. 1980 മുതൽ എ.ഐ.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, 1984ൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്, 1990ൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 15 വർഷത്തോളം വിദേശ രാജ്യങ്ങളിൽ അദ്ധ്യാപകനായി. അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. 2015 മുതൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ്.
തൃശൂർ: പി. ബാലചന്ദ്രൻ
അന്തിക്കാട് പുളിക്കലിൽ  ജാനകിയമ്മയുടെയും കൃഷ്ണൻ നായരുടെയും മകൻ.തൃശൂരിൽ മത്സരിക്കുന്നത് രണ്ടാം തവണ.സാംസ്കാരിക പ്രവർത്തകൻ, ചെറുകഥാകൃത്ത് തുടങ്ങി നിലകളിൽ ശ്രദ്ധേയൻ. നിലവിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. കാംകോ ചെയർമാനായും പ്രവർത്തിച്ചു വരുന്നു. ഭാര്യ സുജാത.മക്കൾ അഖിൽ കൃഷ്ണ, അരവിന്ദ് കൃഷ്ണ
മഞ്ചേരി :പി.അബ്ദുൽ നാസർ
വയസ് 59. പാണ്ടിക്കാട് സ്വദേശി. മഞ്ചേരി സി.പി.ഐ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. പ്രവാസി ഫെഡറേഷൻ, കിസാൻ സഭ ജില്ലാ കമ്മിറ്റിയംഗം. നിയമസഭയിലേക്ക് കന്നിയങ്കം. പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2015ൽ മുസ്ളിം ലീഗിൽ നിന്ന് രാജിവെച്ചാണ് സി.പി.ഐയിൽ ചേർന്നത്. ഭാര്യ: സാബിറ കുരിക്കൾ. മുഹമ്മദ് ഷെലൂബ്, ഡാനിഷ്, മുഹമ്മദ് ജവഹർ, മുഹമ്മദ് അഖിൽ, ഹാനി അഹമ്മദ് എന്നിവർ മക്കളാണ്.
നാദാപുരം: ഇ.കെ.വിജയൻ
വയസ് 68.നാദാപുരം മണ്ഡലത്തിൽ മൂന്നാമൂഴം. മുതുവനയിൽ ടി.വി. ബാലകൃഷ്ണൻ കിടാവിന്റെയും ഇ.കെ. കമലാക്ഷി അമ്മയുടെയും മകൻ.സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം.തിക്കോടി പഞ്ചായത്തിൽ ഫിഷറീസ് ഓഫീസറായി ജോലി ചെയ്യുന്ന അനിതയാണ് ഭാര്യ. രണ്ട് മക്കൾ.
കാഞ്ഞങ്ങാട് : ഇ .ചന്ദ്രശേഖരൻ
71 വയസ്. ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പളയിൽ പി.കുഞ്ഞിരാമൻ നായരുടെയും ഇടയില്ല്യം പാർവതിയമ്മയുടെയും മകനാണ്. സി.പി.എ ദേശീയകൗൺസിലംഗവും റവന്യൂ മന്ത്രിയുമാണ്.മൂന്നാം തവണയാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്.മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും രണ്ടുതവണ പൂർത്തിയാക്കിയവരെ ഒഴിവാക്കുന്നതിൽ ഇളവ് നൽകി പാർട്ടി അദ്ദേഹത്തോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഭാര്യ വി. സാവിത്രി. നീലിചന്ദ്രൻ ഏകമകളാണ്.മരുമകൻ വിഷ്ണു.
ഏറനാട് : കെ.ടി.അബ്ദുറഹിമാൻ 
വയസ് 60. അരീക്കോട് സ്വദേശി. രാഷ്ട്രീയത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം. പത്തു വർഷമായി എടവണ്ണയിലെ ഇ.കെ.നായനാർ സഹകരണ ആശുപത്രി ഡയറക്ടറാണ്. ഹെൽപ്പ് ആൻഡ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ, സാധു സംരക്ഷണ സമിതി സൊസൈറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ ആയിഷ. മകൻ: ഇംതിയാസ് അഹമ്മദ്.