
പാർവതി തിരുവോത്ത് നായികയാകുന്നു 'വർത്തമാനം' മാർച്ച് 12ന് തന്നെ തിയേറ്ററുകളിലേക്ക്. കേരളത്തിൽ സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ പല സിനിമകളുടെയും റിലീസ് മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ വർത്തമാനം പ്രഖ്യാപിച്ച തീയതിയിൽ തന്നെ 300 തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുൾ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് വർത്തമാനം റിലീസിന് ഒരുങ്ങുന്നത്. ദേശവിരുദ്ധവും മതസൗഹാർദ്ദം തകർക്കുന്നതുമാണ് വർത്തമാനത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദർശനാനുമതി നേരത്തെ നിഷേധിച്ചത്. ഇത് വിവാദമായിരുന്നു. തുടർന്ന് മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് വർത്തമാനം ചിത്രീകരിച്ചത്. ഏറെ സാമൂഹിക പ്രസക്തിയുള്ള പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ ചിത്രങ്ങൾക്കു ശേഷം ആര്യാടൻ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് വർത്തമാനം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് നിർമ്മാണം. അഴകപ്പൻ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാൽ ജോൺസണും ഗാനരചനയും നിർവ്വഹിക്കുന്നു. ബിജിപാൽ ആണ് പശ്ചാത്തല സംഗീതം.