bengal

പശ്ചിമ ബംഗാളിലെ വെസ്‌റ്റ് മിഡ്നാപൂർ ജില്ലയിലെ ജംഗൽമഹൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബോറോ കാൽഷിഭാംഗ. ഒരിക്കൽ മാവോയിസ്‌റ്റ് കോട്ടയായിരുന്ന ഇവിടെ ഇന്ന് കടുത്ത ജലക്ഷാമവും തൊഴിലില്ലായ്മയും ജനജീവിതം ദുഃസ്സഹമാക്കുന്നു.

കാൽഷിഭാംഗയിൽ ഒബിസി വിഭാഗത്തിൽപ്പെട്ട 400 ലേറെ കുർമി മഹതോ കുടുംബങ്ങളാണുള്ളത്. കുടിവെള്ളം കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരമെങ്കിലും ഇവർക്ക് കാൽനടയായി സഞ്ചരിക്കണം. വേനൽക്കാലമായാൽ എത്ര ദൂരം നടന്നാലും വെള്ളം ഇവർക്ക് മുന്നിൽ കിട്ടാക്കനിയായി മാറുന്നു. മുമ്പ് ഗ്രാമത്തിൽ 50 അടി ആഴമുള്ള കിണർ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതിൽ വെള്ളമില്ല.

ഗ്രാമത്തിലെ സ്ത്രീകളിൽ ഭൂരിഭാഗം പേരും ഉരുളക്കിഴങ്ങ് തോട്ടങ്ങളിലെ തൊഴിലാളികളാണ്. പണത്തിന് പകരം ഭൂഉടമകൾ ഈ സ്ത്രീകൾക്ക് 15 കിലോയോളം ഉരുളക്കിഴങ്ങാണ് ഇപ്പോൾ പ്രതിഫലമായി നൽകുന്നത്. ഇത് തന്നെയാണ് ഇവരുടെ പ്രധാന ആഹാരവും.

തൊഴിലില്ലായ്മയും ഗ്രാമീണർ നേരിടുന്ന വെല്ലുവിളിയാണ്. കൽപ്പണിയ്ക്ക് പോയിരുന്ന ഇവിടത്തെ പുരുഷൻമാർക്ക് കൊവിഡ് ലോക്ക്‌ഡൗണിന് പിന്നാലെ ജോലി നഷ്ടപ്പെട്ടു. സൗജന്യമായി ലഭിക്കുന്ന റേഷനാണ് ആശ്രയം. ഗ്യാസ് സിലിണ്ടറുകളുടെ വില താങ്ങാൻ കഴിയാത്തതിനാൽ പരമ്പരാഗത അടുപ്പുകളെയാണ് ഇവർ ആശ്രയിക്കുന്നത്.

കാൽഷിഭാംഗയുടെ അയൽഗ്രാമങ്ങളായ പതൂരി, പൈറാചലി, ഗോലോക്ചോക് തുടങ്ങിയ പ്രദേശങ്ങളിലെയും അവസ്ഥ ഇതുപോലെ തന്നെ. വെസ്റ്റ് മിഡ്നാപൂർ ഉൾപ്പെടുന്ന ജംഗൽമഹൽ മേഖല ആദ്യം ഇടതുപക്ഷമായിരുന്നു ഭരിച്ചിരുന്നത്. 2011 മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ ഈ പ്രദേശം പിടിച്ചെടുക്കുകയായിരുന്നു. ജലക്ഷാമവും തൊഴിലില്ലായ്മയും രൂക്ഷമായ ഇവിടത്തെ ഗ്രാമങ്ങളിൽ ഇത്തവണ തൃണമൂലിനൊപ്പം തന്നെ ബി.ജെ.പിയുടെയും പോസ്റ്ററുകളും ബാനറുകളും കാണാം. ജനവിധി ആർക്കൊപ്പമാകുമെന്ന് കാത്തിരുന്ന് കാണാം.