
സെക്കൻഡ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ദ പ്രീസ്റ്റ് ഇന്ന് തിയേറ്ററുകളിലെത്തും. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെക്കൻഡ് ഷോ അനുവദിക്കാത്തതിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവച്ച ചിത്രം കേരളത്തിലെ 225 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. സെക്കൻഡ് ഷോ അനുവദിച്ചതോടെ തിയേറ്ററുകളിലേക്ക് കൂടുതൽ പ്രേക്ഷകരെത്തുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാക്കളായ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് കൊവിഡും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നീണ്ടുപോയി. ഒടുവിൽ കഴിഞ്ഞ മാസമാണ് പ്രീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായത്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. ചിത്രത്തിന്റെ ആദ്യ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ, ജഗദീഷ്, മധുപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ ജോഫിൻ ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണൻ, വി.എൻ.ബാബു എന്നിവരും നിർമ്മാതാക്കളാണ്.
സുനാമി

ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു.സി കോളേജ് എന്നിവിടങ്ങളിലായാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.