
തീവ്രതയേറിയും കുറഞ്ഞുമുള്ള തലവേദനയോടൊപ്പം ചിലപ്പോൾ ഓർക്കാനവും ശബ്ദം സഹിക്കുന്നതിന് ബുദ്ധിമുട്ടും പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസവും കൂടിയുള്ളതാണ് മൈഗ്രെയ്ൻ തലവേദന.
ഹോർമോണുകളുടെ വ്യത്യാസം, ചില ഭക്ഷണവും പാനീയങ്ങളും,അമിത ഉത്കണ്ഠ, അമിത വ്യായാമം എന്നിവ കാരണവും മൈഗ്രെയ്ൻ എന്ന തലവേദന ഉണ്ടാകാം. എന്നാൽ, മൈഗ്രെയ്ന്റെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ടുതന്നെ, ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമുള്ള എല്ലാ തലവേദനയെയും ചിലരെങ്കിലും മൈഗ്രെയ്ന്റെ വകഭേദത്തിൽ ഉൾപ്പെടുത്താറുണ്ട്.
ചെറുതായി ചൂട് കൊടുത്ത് മാംസപേശികളെ സാന്ത്വനപ്പെടുത്തുകയോ ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുകയോ ചായയോ കാപ്പിയോ കുടിക്കുകയോ ചെയ്താൽ മൈഗ്രെയ്ൻ കുറയാറുണ്ട്. പ്രത്യേകിച്ച് മൈഗ്രെയ്ന്റെ ആദ്യ നാളുകളിലും
തലവേദന തുടങ്ങുന്ന ഉടനെയും ഇത് കൂടുതൽ ഗുണപ്പെടാറുണ്ട്.
മൈഗ്രെയ്ൻ തലവേദനകൾ 3 മുതൽ 4 മണിക്കൂറുകൾ കൊണ്ട് പൊതുവെ ശമിക്കുന്നതാണ്. എന്നാൽ, ചിലത് മൂന്ന് ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. ഒരു മാസത്തിൽ നാല് തവണ വരെ ഇത് ചിലരിൽ ആവർത്തിക്കാറുമുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം മൈഗ്രെയ്ൻ ഉണ്ടാകുന്നവരും കുറവല്ല.
ഓറഞ്ച്, പച്ചക്കറികൾ, മധുരക്കിഴങ്ങ്, ക്യാരറ്റ്, തവിടോടുകൂടിയ അരി കൊണ്ടുള്ള ഭക്ഷണം, ഉണക്കിയതും പാകപ്പെടുത്തിയതുമായ പഴങ്ങൾ എന്നിവ മൈഗ്രെയ്നെ കുറയ്ക്കുന്നവയാണ്.
എന്നാൽ, അധികമായ ഉപ്പ്, അജിനാ മോട്ടോ, ടെൻഷൻ, മദ്യം, കാലാവസ്ഥയിലെ വ്യത്യാസം, ഉറക്കത്തിലെ വ്യത്യാസം, ചില മരുന്നുകൾ എന്നിവ മൈഗ്രെയ്നെ വർദ്ധിപ്പിക്കും. ഭക്ഷണത്തിന് രുചിയും നിറവും കിട്ടാൻ കൃത്രിമമായി ചേർക്കുന്ന വസ്തുക്കൾ, മുട്ട, തക്കാളി, ഉള്ളി, പാലുത്പന്നങ്ങൾ, പാസ്ത, ബ്രെഡ്, പുളിയുള്ള പഴങ്ങൾ, ചോക്കളേറ്റ്, നട്സ് എന്നിവയുംമൈഗ്രെയ്നെ വർദ്ധിപ്പിക്കുന്നവയാണ്.
മൈഗ്രെയ്ൻ ആയുർവേദത്തിൽ
ശിരോരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദത്തിൽ മൈഗ്രെയ്നെ പെടുത്തിയിട്ടുള്ളത്. ശിരസിൽ വേദനയെ ഉണ്ടാകുന്ന രോഗങ്ങളെ ആയുർവേദാചാര്യൻമാർ പ്രത്യേക പരിഗണന നൽകി വിശദീകരിക്കുന്നുണ്ട്. അതിൽ ഒന്നായിട്ടാണ് മൈഗ്രെയ്നെ പരിഗണിച്ചിട്ടുള്ളത്. അത്തരം 11 രോഗങ്ങളാണ് ശുശ്രുതാചാര്യൻ വിവരിച്ചിട്ടുള്ളത്. ഇതിൽ അർദ്ധാവഭേദകം എന്ന രോഗത്തിനാണ് മൈഗ്രെയ്ൻ തലവേദനയുമായി കൂടുതൽ സാദൃശ്യമുള്ളത്.
ഇത്തരം രോഗങ്ങളുണ്ടാകുന്നതിന് മറ്റു ചില കാരണങ്ങൾ കൂടി ആയുർവേദഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. മലമൂത്രാദികൾക്കായി പോകണമെന്ന് തോന്നുമ്പോൾ തടസ്സപ്പെടുത്തുക, കൂടുതൽ ഉറങ്ങുക, തീരെ ഉറങ്ങാതിരിക്കുക, പകൽ ഉറങ്ങുക, രാത്രി ഉറക്കമൊഴിയുക,തലയിൽഎണ്ണ തേച്ച് കുളിക്കാതിരിക്കുക, ഉച്ചത്തിൽ സംസാരിക്കുക, മഞ്ഞുകൊള്ളുക, ശക്തമായി കാറ്റേൽക്കുക, പരിചിതമല്ലാത്ത ഗന്ധം മണപ്പിക്കുക, പൊടി,പുക, തണുപ്പ്,വെയിൽ ഇവ ഏൽക്കേണ്ടി വരിക, എളുപ്പം ദഹിക്കാത്തവയും പച്ചിലക്കറികളും കൂടുതലായി ഉപയോഗിക്കുക, കൂടുതലായി തണുത്ത വെള്ളം കുടിക്കുക, തലയിൽ ക്ഷതമേൽക്കുക ,ദുഷിച്ചതും പച്ചയുമായ ആഹാരം കഴിക്കുക, കൂടുതൽ കരയുക, കണ്ണുനീർ തടയുക, വിഷമിക്കുക എന്നീ കാരണങ്ങളാൽ വാതാദി ദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് ചിലപ്പോൾ ത്രിദോഷങ്ങളും കോപിച്ചാണ് മൈഗ്രെയ്ൻ ഉണ്ടാകുന്നത്.