c

തിരുവനന്തപുരം:ആർക്കും കുത്തക അവകാശപ്പെടാവുന്ന മണ്ഡലമല്ല ആറ്റിങ്ങൽ. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ സി.പി.എം വിജയക്കൊടി പാറിച്ചു. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചുവപ്പ് വിട്ട് കോൺഗ്രസിനോടായി ആഭിമുഖ്യം.

1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആർ. പ്രകാശമാണ് വിജയിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എൻ. കുഞ്ഞിരാമനും. 1967 ലായിരുന്നു സി.പി.എമ്മിന്റെ ആദ്യവിജയം. കെ.പി.കെ. ദാസായിരുന്നു വിജയശില്പി. വക്കം പുരുഷോത്തമൻ അഞ്ച് തവണ വിജയിച്ചു. അതിൽ നാല് തവണയും തുടർച്ചയായ വിജയം. 2001ലായിരുന്നു കോൺഗ്രസിന്റെ ഒടുവിലത്തെ വിജയം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദൻ 1987ലും 1996ലും 2006ലും വിജയിച്ചു. 2011 മുതൽ സി.പി.എമ്മിലെ ബി. സത്യനാണ് എം.എൽ.എ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3,80,995 വോട്ടുകൾ അടൂർ പ്രകാശിന് ലഭിച്ചപ്പോൾ 3,42,748 വോട്ടുകളാണ് സമ്പത്തിന് ലഭിച്ചത്. മണ്ഡലം കോൺഗ്രസിനോട് ചേർന്നുനിന്നു. 2011ലെ മണ്ഡല പുനർനിർണയത്തോടെയാണ് മണ്ഡലം പട്ടികജാതി സംവരണമായത്. ആറ്റിങ്ങൽ നഗരസഭയും ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ, കരവാരം, പഴയകുന്നുന്മേൽ, പുളിമാത്ത്, കിളിമാനൂർ, നഗരൂർ, വക്കം ഗ്രാമപഞ്ചായത്തുകളുമടങ്ങുന്നതാണ് മണ്ഡലം.

വന്ന വഴികൾ

പ്രൗഢമായൊരു ചരിത്രവും വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളുടെ കഥയും ആറ്റിങ്ങലിനുണ്ട്. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്ര് പാർട്ടി മത്സരിപ്പിച്ച ആർ. പ്രകാശം 13,​177 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വക്കം പുരുഷോത്തമനെയും ആനത്തലവട്ടം ആനന്ദനെയും പോലുള്ള പ്രമുഖരെ വാഴിക്കുകയും വീഴിക്കുകയും ചെയ്‌ത ചരിത്രവും ആറ്റിങ്ങലിനുണ്ട്. 1996ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആനത്തലവട്ടം ആനന്ദൻ പരാജയപ്പെടുത്തിയത്. 2001ൽ 10816 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വക്കം പുരുഷോത്തമൻ ജയിച്ചപ്പോൾ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രനാണ് പരാജയപ്പെട്ടത്. 2006ൽ ആനത്തലവട്ടം ആനന്ദൻ 11208 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചു. 2011ൽ മണ്ഡല പുനർനിർണയത്തോടെയാണ് ആറ്റിങ്ങലിന്റെ ഗതിമാറിയത്.വർക്കല നിയോജക മണ്ഡലത്തിൽ നിന്നും മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ പഞ്ചായത്തുകളും പുളിമാത്ത്, കിളിമാനൂർ, പഴയകുന്നുമ്മേൽ, നഗരൂർ, കരവാരം പഞ്ചായത്തുകൾ കിളിമാനൂർ നിയോജകമണ്ഡലത്തിൽ നിന്നും ആറ്റിങ്ങലിലേക്ക് ഉൾപ്പെടുത്തി. ഇതോടെ കിളിമാനൂർ നിയോജകമണ്ഡലം ഇല്ലാതെയായി. ആറ്റിങ്ങൽ നഗരസഭയും വക്കം ഗ്രാമപഞ്ചായത്തും മാത്രമേ പഴയ ആറ്റിങ്ങൽ മണ്ഡലത്തിലേതായി നിലനിന്നുള്ളൂ. കിളിമാനൂർ, വർക്കല നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളെ പകരം ഇതിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു. 2011ൽ ബി. സത്യൻ 30,065 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

സാദ്ധ്യത

ഇക്കുറി ബി. സത്യൻ രംഗത്തില്ല. മുദാക്കൽ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റായിരുന്ന ഒ.എസ്. അംബികയെയാണ് മണ്ഡലം നിലനിറുത്താൻ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ് സീറ്റ് ആർ.എസ്.പിക്കാണ്. അഡ്വ.എ. ശ്രീധരനെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, പട്ടികജാതി മോർച്ച നേതാവ് സ്വപ്നജിത്ത് എന്നിവരെയാണ് എൻ.ഡി.എ പരിഗണിക്കുന്നത്.

 2016ൽ

അഡ്വ.ബി. സത്യൻ (എൽ.ഡി.എഫ്) 72808

കെ. ചന്ദ്രബാബു (യു.ഡി.എഫ്) 32425

രാജി പ്രസാദ് (എൻ.ഡി.എ) 27602