
ചിറയിൻകീഴ്: വാഹനപ്പെരുപ്പവും റോഡിന്റെ വീതിക്കുറവിലുപെട്ട് ചിറയിൻകീഴ് വലിയകട ജംഗ്ഷൻ ഗതാഗതക്കുരുക്കുകളുടെ പറുദീസയായി മാറുന്നു.
ഏതെങ്കിലും ഒരു വാഹനം അശാസ്ത്രീയമായി പാർക്ക് ചെയ്താലോ ഇവിടുത്തെ സ്റ്റോപ്പുകളിൽ ആളെ കയറ്റാൻ കാത്ത് കിടക്കുന്ന സമാന്തര സർവീസുകൾ ഒരല്പം സമയം കൂടുതൽ കാത്ത് കിടന്നാലോ ഒക്കെ കുരുക്കാവും. അത്രയ്ക്ക് ഇടുങ്ങിയതാണ് ഇവിടത്തെ റോഡുകൾ.
രാവിലെയും വൈകിട്ടുമാണ് യാത്രക്കാരെക്കൊണ്ട് ഇവിടം വീർപ്പ് മുട്ടുന്നത്. അപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഈ സമയത്തെങ്കിലും ട്രാഫിക് നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കണമെന്നാവശ്യവും പരിഗണിക്കപ്പെടാതെ പോകുന്നു. മുൻകാലങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരുന്നതാണ്.
ശാർക്കര മീനഭരണി ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണത്തിലും തിരക്കിലും വർദ്ധനയുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് വർദ്ധിക്കാനാണ് സാദ്ധ്യത. ചിറയിൻകീഴ് മേൽപ്പാലവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പ്രാരംഭമായിട്ടുണ്ട്. വരും നാളുകളിൽ അതിന്റെ ഭാഗമായി കൂടുതൽ ഗതാഗത പ്രശ്നത്തിലേക്ക് ഇവിടം നീങ്ങും. മേൽപ്പാലം യാഥാർത്ഥ്യമാവുകയും ശാർക്കര - വലിയകട റോഡിന്റെ വീതിക്കൂട്ടൽ പ്രാവർത്തികമാവുകയും ചെയ്യുന്നതോടെ മാത്രമേ ഇപ്പോഴത്തെ പ്രശ്നത്തിന് ആശ്വാസം പകരാൻ സാധിക്കുകയുള്ളൂ.